മനാമ; ശ്രാവണം 2019 എന്ന പേരില്‍ ഈ വര്‍ഷം ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര ബഹ്റൈന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായി. സമാജത്തില്‍ നിന്നുള്ള വിവിധ സബ്കമ്മറ്റികളും പുറമെ നിന്നുള്ള ഏതാനും ടീമുകളും ഘോഷയാത്രാ മത്സരയിനത്തില്‍ പങ്കെടുത്തു.  ഘോഷയാതയില്‍ നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ആയോധന കലകള്‍, വാദ്യമേളങ്ങള്‍, ഫ്‌ളോട്ടുകള്‍, സമകാലീന കേരളത്തിന്റെ ആവിഷ്‌കരണങ്ങള്‍ തുടങ്ങിയവ അരങ്ങേറി.

പഞ്ചവാദ്യ സംഘം, മാവേലി, താലപൊലികളേന്തി കേരളീയ വേഷത്തിലെത്തിയ സമാജം കുടുംബാംഗങ്ങള്‍, സമാജം ഭാരവാഹികള്‍  സമാജത്തിന്റെ ബാനറുമായി വനിതാവേദി അംഗങ്ങള്‍, ഓണാഘോഷ കമ്മറ്റി ഭാരവാഹികള്‍, വിവിധ സബ്കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. ഘോഷയാത്ര മത്സരയിനങ്ങളില്‍ പങ്കെടുത്ത ടീമുകളുടെ മികവുറ്റതും അതിശയിപ്പിക്കുന്നതായുമായ ഗംഭീര പ്രകടനങ്ങളായിരുന്നു.

കാവടിയും മഹാബലിയും വാമനനും മറ്റു നാടന്‍ കലാരൂപങ്ങളും ഒട്ടുമുക്കാല്‍ ടീമുകളും അവതരിപ്പിച്ചിരുന്നു. സമാജത്തിലെ ടീമുകള്‍ക്ക് പുറമെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഐ വൈ സി സി , ഓ ഐ സി സി , അയ്യപ്പസേവാ സംഗം എന്നീ നാലു ടീമുകളായിരുന്നു ഘോഷയാത്രയില്‍ പങ്കെടുത്തത്. എല്ലാവരും മനോഹരമായ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിച്ചത്.

വ്യത്യസ്തങ്ങളായ ഫ്‌ളോട്ടുകളും നാടന്‍ കലാരൂപങ്ങളും മാവേലിയും വാമനനും മതസൗഹാര്‍ദ്ദ സന്ദേശങ്ങളും കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും പ്രളയവും എല്ലാം കാണികള്‍ക്കു അനുഭവിപ്പിക്കുകയായിരുന്നു ഫ്‌ളോട്ടുകളിലൂടെ. പുലിക്കളിയും ഓണപ്പൊട്ടനും എല്ലാം എലാ ചാരുതയും നിലനിര്‍ത്തിയായിരുന്നു അവതരിപ്പിച്ചത്.

വന്‍ ജനാവലി ആണ് സമാജം ഓണം ഘോഷയാത്ര വീക്ഷിക്കുവാന്‍ എത്തിയത്. രാധാകൃഷ്ണ പിള്ള,  എംപി രഘു, മറ്റു ഭരണസമിതി അംഗങ്ങളും ഓണാഘോഷ കമ്മറ്റി ഭാരവാഹികളായ പവനന്‍ തോപ്പില്‍, ശരത് നായര്‍, ഘോഷയാത്ര കമ്മറ്റി കണ്‍വീനര്‍ റഫീക്ക് അബ്ദുള്ള, കോര്‍ഡിനേറ്റര്‍ മനോഹരന്‍ പാവറട്ടി, ഭാരവാഹികളായ മണികണ്ഠന്‍, വര്‍ഗ്ഗീസ് ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി.