മനാമ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണകിരീടം നേടി ഇന്ത്യക്ക് അഭിമാനമായി മാറിയ പി.വി.സിന്ധുവിന്റെ നേട്ടത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ ക്‌ളബ്ബ് ആഹ്‌ളാദം രേഖപ്പെടുത്തി. സ്‌പോര്‍ട്‌സ് സെക്രട്ടറി (ബാഡ്മിന്റണ്‍) സുനീഷ് കല്ലിങ്കല്‍ കേക്കു മുറിച്ച് ആഘോഷത്തിനു തുടക്കം കുറിച്ചു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യനാകുന്ന ആദ്യത്തെ ഇന്ത്യക്കാരി, ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡലുകള്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരം എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ കീഴടക്കിയ സിന്ധുവിന്റെ വിജയം ലോക കായിക ഭൂപടത്തില്‍ത്തന്നെ ഇന്ത്യക്ക് തിലകക്കുറിയായി മാറിയെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ആക്ടിംഗ് പ്രസിഡണ്ട് മാര്‍ഷല്‍ ദാസ്, ട്രഷറര്‍ ഹരി ഉണ്ണിത്താന്‍, അസിസ്റ്റന്റ് ട്രഷറര്‍ വിനോദ് തമ്പി, കൂടാതെ ക്‌ളബ്ബിലെ ബാഡ്മിന്റണ്‍ താരങ്ങളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുത്തു.