മനാമ: പ്രളയ ബാധിതരായ മൂന്നു പേര്‍ക്ക് തന്റെ പേരില്‍ ഉള്ള പതിനഞ്ചു സെന്റ് സ്ഥലം വീതിച്ചു നല്‍കുവാന്‍ തീരുമാനിച്ച ബഹ്റൈന്‍ പ്രവാസിയും പ്രതിഭ നേതാവും കേരള പ്രവാസി കമ്മീഷന്‍ അംഗവും ലോക കേരളസഭ അംഗവും ആയ സുബൈര്‍ കണ്ണൂര്‍ ഇതുമായി ബന്ധപ്പെട്ട സമ്മത പത്രവും രേഖകളും കണ്ണൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 

കണ്ണൂര്‍ നായനാര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് രേഖകള്‍ കൈമാറിയത്. ജെയിംസ് മാത്യു എംഎല്‍എ യുടെ മകന്റെ വിവാഹ ചടങ്ങില്‍ വെച്ചാണ് തുക കൈമാറിയത്. മകന്റെ വിവാഹത്തിനായി നീക്കിവെച്ച അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ജെയിംസ് മാത്യു എംഎല്‍എയും കുടുംബവും വിവാഹം ലളിതമാക്കിയാണ് സഘടിപ്പിച്ചത്. അതെ ചടങ്ങില്‍ വെച്ച് ഈ രേഖയും  കൈമാറാന്‍ കഴിഞ്ഞത് വളരെ ഉചിതം ആയി എന്ന് സുബൈര്‍ കണ്ണൂര്‍ അറിയിച്ചു. മുഖ്യമന്ത്രിക്ക് സുബൈര്‍ കണ്ണൂരും കുടുംബവും നേരിട്ടാണ് വസ്തു രേഖകള്‍ കൈമാറിയത്.

സംസ്ഥാന മന്ത്രിമാരായ ഇ പി ജയരാജന്‍ , സുനില്‍ കുമാര്‍, ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും  രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സുബൈര്‍ കണ്ണൂരിന്റെ മാതൃകാപരം ആയ പ്രവര്‍ത്തനത്തെ ബഹ്റൈന്‍ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവര്‍ അഭിന്ദിച്ചു. ബഹ്റൈന്‍ പ്രതിഭ അഞ്ചു ലക്ഷം രൂപ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും പ്രതിഭ ഭാരവാഹികള്‍ അറിയിച്ചു.