മനാമ:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി. വിവിധ രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുവാനുള്ള യത്‌നത്തിലാണ്. ഒഐസിസി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ വിജയത്തിന് വേണ്ടി പ്രവാസ ലോകത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തിരഞ്ഞടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. ചെയര്‍മാന്‍: മാത്യൂസ് വാളക്കുഴി, ജനറല്‍ കണ്‍വീനര്‍: എബ്രഹാം സാമുവേല്‍, വൈസ് ചെയര്‍മാന്‍: സുനില്‍ ജോണ്‍, സജി എരുമേലി, തോമസ് കാട്ടുപറമ്പചന്റ, ഷിബു ചെറിയാന്‍, കണ്‍വീനര്‍മാര്‍: ജോണ്‍സന്‍ ടി തോമസ്, സോമരാജന്‍, സിബി ചെമ്പന്നൂര്‍. സെക്രട്ടറി: അജി പി ജോയ്. ഏപ്രില്‍ മൂന്നിന് വൈകുന്നേരം 8 മണിക്ക് ഒഐസിസി ഓഫീസില്‍ വെച്ച് പാര്‍ലമെന്റ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. 

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി അഡ്വ. അടൂര്‍ പ്രകാശിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആറ്റിങ്ങല്‍ നിവാസികള്‍ക്കിടയില്‍ ഊര്‍ജ്ജിതമാക്കി പരമാവധി ആളുകളെ നാട്ടില്‍ എത്തിച്ചു വോട്ട് ചെയ്യിക്കുന്നതിനും വോട്ട് ഐക്യ മുന്നണി സ്ഥാനാര്‍ഥിക്ക് അനുകൂലമാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികളായി ജവാദ് വക്കം (ചെയര്‍മാന്‍), ബാനര്‍ജി ഗോപിനാഥന്‍ നായര്‍ (ജനറല്‍ കണ്‍വീനര്‍), റാഫി വെമ്പായം, റിയാസ് കല്ലമ്പലം (വൈസ് ചെയര്‍മാന്‍മാര്‍ ) മുഹമ്മദ് ഷാ പാലോട് , പ്രവീണ്‍ പാലോട് (കണ്‍വീനര്‍മാര്‍) തുടങ്ങി 51 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഐക്യ ജനാധിപത്യ മുന്നണിയുടെ വിശാല കണ്‍വെന്‍ഷന്‍ മാര്‍ച്ച് 31 ന് വൈകിട്ട് 8 മണിക്ക് ഒഐസിസി ഓഫീസില്‍ വച്ച് ചേരാനും യോഗം തീരുമാനിച്ചു .

യു.ഡി.എഫിന് ശക്തിപകരുവാന്‍ ഹമദ് ടൌണ്‍ മേഖലയിലുള്ള യു.ഡി.എഫ് അനുഭാവികളുടെ കൂട്ടായ്മ രൂപീകരിച്ചു. ഏപ്രില്‍ 12 ന് ഉച്ചക്ക് 12.30 ന് ഹമദ് ടൗണ്‍ ശിഹാബലി തങ്ങള്‍ ഓഡിറ്റോറിയത്തില്‍വെച്ച് ബഹറിനിലെ ജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപിന് രവികണ്ണൂര്‍ ചെയര്മാനും ഷാജഹാന്‍ കണ്‍വീനറുമായ വിപുലമായ കമ്മിറ്റി രൂപികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രവി കണ്ണൂര്‍ 33274665, ഷാജഹാന്‍ 33382787 എന്നിവരുമായി ബന്ധപ്പെടുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.