മനാമ: ബഹ്‌റൈന്‍ സോപാനം വാദ്യസംഗമത്തിന് വ്യാഴാഴ്ച കേളികൊട്ടോടെ ആരംഭം കുറിക്കും. വൈകിട്ട് ഏഴു മണിക്കാണ് പരിപാടി ആരംഭിക്കുക. ഇസടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നവംബര്‍ 8,9 തീയതികളിലായി അരങ്ങേറുന്ന ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാപ്രകടനം നയിക്കുവാന്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും കാഞ്ഞിലശേരി പത്മനാഭനും സംഘവും ബഹറിനില്‍ എത്തിചേര്‍ന്നു. 

വാദ്യസംഗമത്തിന്റെ ഒന്നാം ദിവസമായ വ്യാഴാഴ്ച വൈകിട്ട് 7 മണിമുതല്‍ കേളി, സോപാന സംഗീതം, രംഗപൂജ, പെരിങ്ങോടു സുബ്രഹ്മണ്യന്റെ ഇടക്കവിസ്മയം, തൃശ്ശൂര്‍പൂരം ഇലഞ്ഞിത്തറ മേളത്തിനു പ്രമാണം വഹിക്കുന്ന പത്മശ്രി പെരുവനം കുട്ടന്‍മാരാരുടെ മേളപ്രമാണത്തില്‍ പഞ്ചാരി മേളവും അരങ്ങേറും. രണ്ടാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് 6.മണി മുതല്‍ കാഞ്ഞിലശേരി പത്മനാഭനാശാന്റെ മേളപ്രമാണത്തില്‍ അഞ്ചടന്ത മേളവും, വൈക്കം വിജയലക്ഷമിയുടെ ഗായത്രി വീണകച്ചേരിയും ഗാനമേളയും തുടര്‍ന്ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരുടെ മേളപ്രമാണത്തില്‍ ഗംഭീര പാണ്ടിമേളവും അരങ്ങേറും. 

നൂറുകണക്കിനു കേരളീയ മേള ഉപകരണങ്ങള്‍ അലങ്കാരങ്ങള്‍, മേള വസ്ത്രം എന്നിവയുടെ പ്രദര്‍ശനമായ 'മേളചമയ പ്രദര്‍ശനം ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 7.30 വരെ ഇന്ത്യന്‍ സ്‌കൂള്‍ ജഷന്മാള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. 

വടക്കും നാഥ ക്ഷേത്ര ഗോപുരമാതൃകയില്‍ അതിഗംഭീരമായ വേദിയിലാണു വാദ്യസംഗമം അരങ്ങേറുന്നത്. ആനകള്‍, മുത്തുകുടകള്‍, മറ്റ് ചിത്രവേലകള്‍ കൊണ്ട് അലങ്കൃതമായ പൂരപറമ്പിനെ അനുസ്മരിപ്പിക്കുന്ന വേദി വാദ്യസംഗമത്തിലെ പ്രധാന ആകര്‍ഷണമാണ്. കേരളത്തില്‍ നിന്നുള്ള 33 കലാകാരന്മാരടക്കം നാനൂറില്‍പരം വാദ്യകലാകാരന്മാരാണു മേളത്തിനണിനിരക്കുന്നത്. ഭാരതത്തിനു പുറത്ത് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏറ്റവും വലിയ വാദ്യകലാമേളയായ വാദ്യസംഗമം 2018 പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും, പ്രവേശനം സൗജന്യമാണെന്നും  സോപാനം ഗുരു സന്തോഷ് കൈലാസ്, ആഘോഷകമ്മറ്റി കണ്വീനര്‍ നവീന്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.