മനാമ: യുവത്വത്തെ സമൂഹത്തിന് പ്രയോജനകരമായ രൂപത്തില്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് യൂത്ത് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്ന് സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് വ്യക്തമാക്കി.'യുവത ജീവിതം അടയാളപ്പെടുത്തുന്നു' എന്ന പ്രമേയത്തില്‍ ഒരു മാസക്കാലമായി യൂത്ത് ഇന്ത്യ നടത്തിക്കൊണ്ടിരുന്ന കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

യുവാക്കള്‍ സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ കരുത്തുറ്റ ശക്തിയാണെന്നും അവരുടെ കഴിവുകള്‍ വിവിധ തലങ്ങളില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതിനിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനും പരമ്പരാഗത യുവജന സംഘടനകള്‍ തെരുവുകളില്‍ പകര്‍ന്ന പടര്‍ത്തിയ വിപ്‌ളവത്തിന്റെ തീയും പുകയും കെട്ടടങ്ങിപ്പോവുകയും അശ്‌ളീലതയിലും ലഹരിയിലും ആപതിക്കുകയും മാതൃപ്രസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രതികരണം ഒതുക്കുകയും ചെയ്തപ്പോള്‍ നീതിനിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിച്ചുവെന്നതാണ് സോളിഡാരിറ്റിയെ വ്യതിരിക്തമാക്കുന്നത്. നിങ്ങളുടെ പണം + ഞങ്ങളുടെ സേവനം = പാവങ്ങള്‍ക്ക് വീട് എന്ന ആശയത്തില്‍ കേരളക്കരയില്‍ ആയിരത്തില്‍പരം വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചിട്ടുണ്ട്. നൂറുകണക്കിന് കൂടിവെള്ള പദ്ധതിയിലൂടെ പല പ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക്് പരിഹാരം കാണാനും സാധിച്ചു. ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാനും അരികു വല്‍ക്കരിക്കാനും ശ്രമിച്ച പ്രശ്‌നങ്ങളെ മനുഷ്യാവകാശ പ്രശ്‌നങ്ങളായി ഏറ്റെടുത്ത് പരിഹാരം കണ്ടത്തെുന്ന ശ്രമങ്ങളിലും സോളിഡാരിറ്റി സജീവമാണ്. 

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കൂം ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ യുവത്വത്തിന്റെ സ്‌നേഹസാഗരം തീര്‍ക്കാനുള്ള ശ്രമങ്ങളില്‍ സംഘടന സജീവമാണെന്നും ജീവല്‍ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനും ജനങ്ങളുടെ കൂടെ നിലയുറപ്പിച്ച് അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനുമാണ് യൂത്ത് ഇന്ത്യ അടക്കമുള്ള യുവജന കൂട്ടായ്മകള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഉണര്‍ത്തി. വര്‍ഗീയതക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമൊതിരെ സാന്ത്വനം, സഹവര്‍ത്തിത്വം, സ്‌നേഹം, സഹിഷ്ണുത എന്നിവ കൊണ്ട് പോരാടാന്‍ യുവത്വത്തിന് സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സല്‍മാനിയ ഖാദിസിയ്യ യൂത്ത് ക്‌ളബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഹമ്മദ് ദര്‍വീഷിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച സമ്മേളനം ശബാബുല്‍ മആലി പ്രസിഡന്റ് ഈസ അബ്ദുറസാഖ് അല്‍ഖാജ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഖാദിസിയ്യ ക്‌ളബ് നിയുക്ത പ്രസിഡന്റ് യൂസുഫ് അദ്ദൂസരി ആശംസകള്‍ നേര്‍ന്നു. യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി വി.കെ അനീസ് സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്റ് യൂനുസ് സലീം പ്രമേയ വിശദീകരണം നടത്തുകയും ചെയ്തു. യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ് വി ഇരിങ്ങല്‍ സമാപനവും കാമ്പയിന്‍ കണ്‍വീനര്‍ മുഹമ്മദ് നജാഹ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിക്കുകയും സഈദ് റമദാന്‍ നദ് വി അറബി പ്രസംഗത്തിന്റെ പരിഭാഷ നിര്‍വഹിക്കുകയും ചെയ്തു. 

ഫ്രന്റ്‌സ് ജന. സെക്രട്ടറി എം.എം സുബൈര്‍, കാമ്പയിന്‍ ജനറല്‍ കണ്‍വീനര്‍ എം. ബദ്‌റുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന കലാപരിപാടിയില്‍ സിറാജ് പള്ളിക്കര കവിതാലാപനം നടത്തുകയും രമ്യ പ്രമോദ്, റജബ്, ശിഹാബ് വെളിയങ്കോട്, ദില്‍ഷാദ്,  കബീര്‍ ഷജീര്‍ എന്നിവര്‍ മാപ്പിള ഗാനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. വി.എന്‍ മുര്‍ഷാദ്, ഇജാസ്, വി.കെ റിയാസ്, ശുഐബ്, ഇല്‍യാസ്, അബ്ബാസ് മലയില്‍, അബ്ദുല്‍ ജലീല്‍ മആമീര്‍, അബ്ദുല്‍ അഹദ്, മൂസ കെ. ഹസന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.