മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവമായ തരംഗ് 2017 വര്‍ണ്ണ ശബളമായ നൃത്തപരിപാടികളോടെ ഇസ ടൗണിലെ കാമ്പസില്‍ ആരംഭിച്ചു. അറബിക് ഡാന്‍സ്, ഹിന്ദി പ്രസംഗം എന്നിവയോടെയാണ് യുവജനോത്സവത്തിനു തുടക്കമായത്. 
 
അറബിക് ഡാന്‍സ് എ ലെവലില്‍ വിക്രം സാരാഭായ് ഹൗസ് ഒന്നാം സമ്മാനം നേടി. സി.വി രാമന്‍ ഹൗസ്, ആര്യഭട്ട ഹൗസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അറബിക് ഡാന്‍സ് ബി ലെവലില്‍ ആര്യഭട്ട ഹൗസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ജെ സി ബോസ് ഹൗസും സി.വി രാമന്‍ ഹൗസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലായ തരംഗില്‍ 126 ഇനങ്ങളിലായി 3000 വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത് . ഇന്ത്യന്‍ സ്‌കൂള്‍  ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. കാമ്പസിലെ അഞ്ച് വേദികളിലാണ് മേള നടക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ വ്യാഴാഴ്ച 28 ന് ആയിരിക്കും.
 
ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ഡോ. സി.ജി. മനോജ് കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം (അക്കാദമിക്‌സ്), സജി ആന്റണി (ഐ ടി ), ജെയ്ഫര്‍ മൈദാനി (സ്‌പോര്‍ട്‌സ്), പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്മാര്, കോര്‍ഡിനേറ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 
 
ഈ വര്ഷം ഗ്രൂപ് ഇനങ്ങളുടെ ഫല പ്രഖ്യാപനം വന്ന ഉടനെ സമ്മാന ദാനവും നടത്തും. അറബിക് ഡാന്‍സ് ലെവല്‍ എ, ബി എന്നിവയുടെ സമ്മാനങ്ങള്‍ ആദ്യ ദിനം വിതരണം ചെയ്തു. 6 മുതല്‍ 17 വരെ പ്രായപരിധിയിലുള്ള വിദ്യാര്‍ത്ഥികളെ എ, ബി, സി, ഡി എന്നീ വിഭാഗങ്ങളില്‍ തരം തിരിച്ചാണ് മത്സരം. 
 
ഇന്ത്യന്‍ സ്‌കൂള്‍ തരംഗ് യുവജനോത്സവം അതിന്റെ ഘടനയിലും സംഘാടനത്തിലും വേറിട്ട ഒരു അനുഭവമാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഇവിടെ ലഭിക്കുന്നു. അതാതു മേഖലയില്‍ കൂടുതല്‍ പ്രാവീണ്യമുള്ള  വിധികര്‍ത്താക്കളുടെ സേവനം യുവജനോത്സവത്തില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നു പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു.
 
ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം വിദ്യാര്‍ത്ഥികളുടെ കലാപരവും സാംസ്‌കാരികവുമായ വികസനത്തിനു ഊന്നല്‍ നല്‍കുന്നതായി സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. പാഠ്യപദ്ധതിയുടെ എല്ലാ മേഖലകളിലും വിദ്യാര്‍ത്ഥികളെ കഴിവുറ്റതാക്കാന്‍ സ്‌കൂള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.
 
കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പര ബഹുമാനവും മതസൗഹാര്‍ദ്ദവും ദേശീയ സമന്വയവും പരിപോഷിപ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നതായി സ്‌കൂള്‍  സെക്രട്ടറി ഡോ. ഷെമിലി പി. ജോണ്‍ പറഞ്ഞു.