മനാമ: മുഹറഖ് മലയാളി സമാജം (എംഎംഎസ്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ മാസംതോറും നടത്തിവന്നിരുന്ന എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ വിപുലീകരണ ഉദ്ഘാടനം ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് ഡയറക്ടര്‍ യൂസഫ് യാക്കുബ് ലാറി നിര്‍വഹിച്ചു. വിതരണത്തിനുള്ള ഫൂഡ് കിറ്റുകള്‍ എം.എം.എസ് വനിതാ വേദി അംഗങ്ങള്‍ ആയ വൈസ് പ്രസിഡന്റ് ദിവ്യ പ്രമോദ്, അജന്യ ബിജിന്‍, നാഫിയാ അന്‍വര്‍ എന്നിവര്‍ ഏറ്റുവാങ്ങി. നിര്‍ധനരായ തൊഴിലാളികള്‍ക്ക് മാസംതോറും നല്‍കി വന്നിരുന്ന ഭക്ഷണ വിതരണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതി വിപുലീകരിച്ചത്. മുഹറഖ് മലയാളി സമാജത്തിന്റെ പ്രവര്ത്തനങ്ങളെ പ്രശംസിക്കുകയും വനിതാ വേദിയുടെ ഈ പദ്ധതി മാതൃകാപരം ആണെന്നും പിന്തുണ ഉണ്ടാവുമെന്നും യുസഫ് യാക്കൂബ് ലാറി യോഗത്തില്‍ പറഞ്ഞു. ബഹറിന്‍മീഡിയ സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബി.എം.സി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ബി.എം.സി മീഡിയ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഹെഡ് പ്രവീണ്‍ കൃഷ്ണ, മാധ്യമപ്രവര്‍ത്തകന്‍ അന്‍വര്‍ മൊയ്തീന്‍ എന്നിവര്‍ സന്നിഹിതരായി. എം എം എസ് മുഖ്യ രക്ഷാധികാരി എബ്രഹാം ജോണ്‍, പ്രസിഡന്റ് അന്‍വര്‍ നിലമ്പുര്‍, ജനറല്‍ സെക്രട്ടറി ആനന്ദ് വേണുഗോപാല്‍ നായര്‍, ട്രഷറര്‍ അബ്ദുറഹ്മാന്‍ കാസര്‍ഗോഡ്, ആക്ടിങ് സെക്രട്ടറി ലത്തീഫ് കോളിക്കല്‍, മെംബര്‍ഷിപ്പ് സെക്രട്ടറി ആന്‍ഡ് മീഡിയ സെല്‍ കണ്‍വീനര്‍ ഹരികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.