മനാമ:  കൃഷ്ണ രാധ പ്രണയ സങ്കല്‍പ്പത്തിന്റെ നവ ആഖ്യാനവുമായി ബഹ്‌റൈനില്‍ നിന്നും ഒരു ഹ്രസ്വചിത്രം 'മാധവം'. സൂര്യ കൃഷ്ണമൂര്‍ത്തി പ്രകാശനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

ബഹ്‌റൈനിലെ പ്രമുഖ നര്‍ത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തില്‍ കൃഷ്ണനും രാധയുമായി വേഷപ്പകര്‍ച്ച നടത്തുന്നത്. 'മലുഹ'യടക്കം നിരവധി നൃത്ത പ്രോജക്ടുകളില്‍ മാളവിക സുരേഷ് കുമാര്‍ ഇതിനകം സഹകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും തന്റെ നൃത്താവിഷ്‌കാരങ്ങളുമായി മാളവിക സുരേഷ് കുമാര്‍ ശ്രദ്ധേയയാണ്. രാധാകൃഷ്ണ പ്രണയ സങ്കല്‍പ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. സൂര്യ ഫെസ്റ്റിവലില്‍ അവതരിപ്പിച്ച മെലുഹയടക്കം നിരവധി നൃത്താവിഷ്‌കാരങ്ങള്‍ നിര്‍വഹിച്ച നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാര്‍ ആണ് മാധവത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നതും സംഗീതം നിര്‍വഹിച്ചിരിക്കുന്നതും ആര്‍ എല്‍ വി പ്രജോദ് കൃഷ്ണയാണ്. ക്രിയേറ്റിവ് ഹെഡ് ആയി ജേക്കബും ചിത്രത്തിനാവശ്യമായ വി.എഫ് എക്‌സ് ഒരുക്കുന്നത് സൂര്യപ്രകാശും അരുണ്‍ ഭഗവതിയുമാണ്. സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്സ് ഇവന്റ്സും ചേര്‍ന്നാണ് 'മാധവം' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ടും സൂര്യ ബഹ്‌റൈന്‍ ചാപ്റ്റര്‍ അദ്ധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ഓണ്‍ലൈനില്‍ ടീസര്‍ റിലീസ് ചെയ്തത്.