മനാമ: രാധാകൃഷ്ണ പ്രണയത്തിന്റെ ആഴവും അഴകും വിരഹ വേദനയുടെ ആഴകാഴ്ചകളുമൊരുക്കിയ നൃത്ത സംഗീതാവിഷ്‌ക്കാരമായ മാധവത്തിന്റെ പ്രകാശനം  വിഷുനാളായ എപ്രില്‍ 14 ന് പ്രശസ്ത സിനിമാതാരം ജയസൂര്യ തന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജിലൂടെ നിര്‍വഹിക്കും. 

ഇതിനകം പ്രിവ്യൂ ഷോകള്‍ കണ്ടവരുടെ ഭാഗത്ത് നിന്ന് മാധവത്തിന് മികച്ച പ്രതികരണമാണുണ്ടായത്. കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാധവത്തിന്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത മാധവം ബഹ്‌റൈനില്‍ ഒരു പുതിയ ദൃശാനുഭവത്തിന് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. മാധവത്തിന്റെ ടീസര്‍ റിലിസിങ്ങ് ബഹറൈന്‍ കേരളീയ സമാജത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചിരുന്നു. രാധയായും കൃഷ്ണനായും പകര്‍ന്നാടുന്ന മാളവിക സുരേഷിന്റെ ഭാവാഭിനയങ്ങള്‍ പ്രണയാവിഷ്‌ക്കാരത്തിന്റെ സൂക്ഷ്മതലങ്ങളെ പോലും  സ്പര്‍ശിക്കുന്നതാണ്. നിരവധി നൃത്ത പരിപാടികളിലൂടെ ശ്രദ്ധേയയായ മാളവിക സുരേഷ് ഇന്ത്യന്‍ സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.

കമല, മേലുഹ തുടങ്ങിയ മികച്ച സ്റ്റേജ് ഷോകള്‍ സംവിധാനം ചെയ്ത പ്രമുഖ നൃത്താധ്യാപിക വിദ്യാ ശ്രീകുമാറാണ് മാധവത്തിന്റെ ആശയവും ആവിഷ്‌ക്കാരവും നിര്‍വഹിച്ചിരിക്കൂന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഏഷ്യയിലെ തന്നെ പ്രമുഖ കലാസാംസ്‌ക്കാരിക പ്രസ്ഥാനമായ സൂര്യയും കളേഴ്‌സ് ബഹറൈനും സംയുക്ത ബാനറിലാണ് മാധവം അവതരിപ്പിക്കുന്നത്. മാധവത്തിലെ ഗാനങ്ങളുടെ സംഗീതവും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനായ കോട്ടക്കല്‍ മധുവാണ്. ബഹറൈനിലുള്ള പവിത്ര മേനോനാണ് ഗായിക. ആധുനിക വിഷ്വല്‍ വിസ്മയങ്ങള്‍ സമന്വയിക്കുന്ന മാധവത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ജേക്കബ് ക്രീയേറ്റീവ് ബീസാണ്. 

വി.എഫ്.എക്‌സ് വര്‍ക്കുകള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ബിജു ഹരിയും സൂര്യ പ്രകാശും ചേര്‍ന്നാണ്. ലളിത ധര്‍മ്മരാജാണ് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.