മനാമ: ബഹ്‌റൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. ദാനാമാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയാണ് മാമ്പഴമേള ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം മാമ്പഴങ്ങളാല്‍ നിര്‍മ്മിച്ച  വിഭവങ്ങളുമുണ്ട്. 

പ്രധാനമായും 10 രാജ്യങ്ങളില്‍നിന്നുള്ള വിവിധയിനങ്ങളിലുള്ള 61 തരം മാമ്പഴങ്ങളാണ് മേളയുടെ ആകര്‍ഷണം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഉഗാണ്ട, വിയറ്റ്‌നാം, ഇന്തോനേഷ്യ, കെനിയ, തായ്‌ലന്‍ഡ്, യെമന്‍, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാമ്പഴങ്ങളാണ് ഏറെയും. മാങ്ങാ അച്ചാര്‍, കേക്കുകള്‍, ജൂസ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കുണ്ട്. മാമ്പഴത്തിനുപുറമെ, ലുലു ഹോട്ട് ഫുഡ്, കോള്‍ഡ് ഫുഡ് വിഭാഗത്തില്‍ മാമ്പഴ മത്സ്യ കറി, മാമ്പഴ ചിക്കന്‍ കറി, തേന്‍ മാമ്പഴ സോസ് ഉപയോഗിച്ച് സ്റ്റഫ് ചെയ്ത ചിക്കന്‍ ബ്രെസ്റ്റുകള്‍, അച്ചാറുകള്‍, ആംറാസ് പോലുള്ള പരമ്പരാഗത ട്രീറ്റുകള്‍ എന്നിവയും ലുലു ഹോട്ട് ഫുഡ് ആന്‍ഡ് കോള്‍ഡ് ഫുഡ് വിഭാഗത്തില്‍ ഉണ്ടാകും. 

നിരവധി വൈവിദ്ധ്യമാര്‍ന്ന മാമ്പഴങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. മാമ്പഴ മേളയില്‍ ഒട്ടേറെ ബഹ്‌റൈനികള്‍ സന്ദര്‍ശകരായി എത്തുന്നുവെന്നത് ശ്രദ്ധേയമാണ്. പൊതുവേ ഇന്ത്യന്‍ മാങ്ങകളോട് ഇവര്‍ ഏറെ പ്രിയം കാണിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച മാമ്പഴമേളകള്‍ വന്‍വിജയമായിരുന്നുവെന്നും ഈവര്‍ഷവും ഉപഭോക്താക്കള്‍ക്ക്  മനസിനിണങ്ങിയ മാമ്പഴങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം മേള നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു ഗ്രൂപ്പ്  ഡയറക്ടര്‍ ജൂസര്‍ ടി രൂപ്‌വാല പറഞ്ഞു. മേള ജൂണ്‍ 12 വരെ നീണ്ടുനില്‍ക്കും.