മനാമ:  ആഗോള തലത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയിലേക്കു ബഹ്റൈനില്‍ നിന്നും നാല് വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. എല്‍.പി വിഭാഗത്തില്‍ ഹയാ മറിയം (ഏഷ്യന്‍ സ്‌കൂള്‍), അയിദിന്‍ അര്‍ഷാദ് (ഇന്ത്യന്‍ സ്‌കൂള്‍), യു.പി വിഭാഗത്തില്‍ ഷഹ്സീന സൈനബ് (ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍), എച് .എസ്സ് വിഭാഗത്തില്‍ റീഹാ ഫാത്തിമ (ഇബ്‌നുല്‍ ഹൈതം സ്‌കൂള്‍) എന്നീ വിദ്യാര്‍ത്ഥികളാണ് മെഗാ ഫിനായിലേക്കു യോഗ്യത നേടിയവര്‍.

രണ്ടു ലക്ഷത്തോളം കുട്ടികള്‍ പങ്കെടുത്ത മത്സര പരീക്ഷയില്‍ ബഹ്റൈനില്‍ നിന്നും 1500 ലധികം കുട്ടികളും രക്ഷിതാക്കളുമാണ് പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തത്. 40 കുട്ടികള്‍ രണ്ടാം റൗണ്ടില്‍ മത്സരിച്ചു. ബഹ്‌റൈനില്‍ നിന്നും മെഗാ ഫിനാലെയിലേക്കു യോഗ്യത നേടിയ കുട്ടികളെയും രക്ഷിതാക്കളെയും മലര്‍വാടി ലിറ്റില്‍ സ്‌ക്കോളര്‍ ബഹ്റൈന്‍ രക്ഷാധികാരി ജമാല്‍ നദ്വി അഭിനന്ദിച്ചു . മെഗാ ഫിനാലെ റൗണ്ടില്‍ മത്സരിക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും മലര്‍വാടി ബഹ്റൈന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിക്കും.

കുടുംബത്തോടൊപ്പം മത്സരത്തില്‍ പങ്കെടുക്കാം എന്നതാണ് മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ മത്സര പരീക്ഷയുടെ പ്രത്യേകത. പ്രശ്നോത്തരി നല്ല നിലവാരം പുലര്‍ത്തിയെന്നും, കുട്ടികളോടൊപ്പം അറിവും ആകാംക്ഷയും പങ്കിടാനായെന്നും, കോവിഡ് കാലത്ത് ഇത്തരം പരിപാടികള്‍ ഏറെ  സ്വാഗതാര്‍ഹമാണെന്നും രക്ഷിതാക്കള്‍ അഭിപ്രായപെട്ടു. ഓരോ വിഭാഗത്തിലെയും (എല്‍ .പി വിഭാഗം, യു.പി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം) മുപ്പത് കുട്ടികള്‍ വീതമാണ് മെഗാ ഫിനാലെയില്‍ മാറ്റുരക്കുക. ഏപ്രില്‍ ആദ്യ വാരത്തോടെ ഗ്രാന്റ് ഫിനാലെ നടക്കും എന്ന് മലര്‍വാടി ലിറ്റില്‍ സ്‌ക്കോളര്‍ കേരള അറിയിച്ചു .

Content Highlight; Little scholar grand finale