മനാമ:  കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പ്പിറ്റലിലെ അപ്പോളോ കാര്‍ഡിയാക് സെന്ററുമായി ചേര്‍ന്ന് പതിനൊന്ന് ദിവസങ്ങളായി നടത്തിവന്ന ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പ് വിജയകരമായി സമാപിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ദിവസം 20 പേരെ വീതം പരിശോധിച്ച് ആവശ്യമായവര്‍ക്ക് കൃത്യമായ തുടര്‍ ചികിത്സാ നിര്‍ദേശങ്ങളും ആരോഗ്യപരിപാലനത്തിന് ജീവിത ശൈലിയില്‍ വേണ്ട മാറ്റങ്ങളും നിര്‍ദേശിച്ചു. 

വലിയ ജനപിന്തുണയും മികച്ച അഭിപ്രായവും നേടിയ ക്യാമ്പ് സംഘാടനത്തിലെ മികവ് കൊണ്ട് കോഴിക്കോട് ജില്ലാ പ്രവാസിഫോറത്തിന്റെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ കൂടിയായി തീര്‍ന്നു. ചിലവേറിയ ചികിത്സകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ബഹ്‌റൈന്‍ സ്‌പെഷലിസ്റ്റ് ഹോസ്പ്പിറ്റലിലെ രോഗികള്‍ക്കായി പലിശരഹിത വായ്പാ സൗകര്യം ഏര്‍പ്പെടുത്തിയതായി ആശുപത്രി വൃത്തങ്ങള്‍ സമാപന ചടങ്ങില്‍ അറിയിച്ചു. 

ഡോക്ടര്‍മാരായ അബ്ദുള്‍ അസീസ് ആസാദ്, പ്രശാന്ത് പ്രഭാകര്‍, നഴ്‌സുമാരായ മറിയാമ്മ മാത്യു, അന്നമ്മാ ഡാനിയല്‍, ധന്യ സോമശേഖരന്‍, സോനാ ജിന്‍, ടെക്‌നീഷ്യന്‍മാരായ സൂസന്‍ കാസ്‌ട്രോ, നയ്മീ ബീഗം, ഒഫീഷ്യല്‍സായ യതീഷ് കുമാര്‍, ലൂയീസ് സാന്റോസ് മെനാസെസ് എന്നിവര്‍ക്ക് ക്യാമ്പിലുടനീളം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സര്‍ട്ടിഫിക്കറ്റുകളും മെമെന്റോയും നല്‍കി. സമാപന ദിവസം ക്യാമ്പ് കോഡിനേറ്റര്‍മാരായ അഖില്‍ താമരശ്ശേരി, സവിനേഷ് എന്നിവരും, എക്‌സിക്യുട്ടീവ് മെമ്പര്‍മാരായ  ഗോപാലന്‍.വി.സി, ജമാല്‍ കുറ്റിക്കാട്ടില്‍, ശശി അക്കരാല്‍, സജീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരും പങ്കെടുത്ത സമാപന ചടങ്ങില്‍ കെ.പി.എഫ് പ്രസിഡണ്ട് സുധീര്‍ തിരുനിലത്ത് ഹോസ്പിറ്റലിനും സ്റ്റാഫിനും നന്ദി അറിയിച്ചു. ചടങ്ങ് ആക്റ്റിംഗ് സെക്രട്ടറി ഫൈസല്‍ പാട്ടാണ്ടി നിയന്ത്രിച്ചു.