മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള ജീവസ്പര്‍ശം രക്തദാന വിങ് സംഘടിപ്പിക്കുന്ന 34ാമത് രക്തദാന ക്യാമ്പ് ബുധനാഴ്ച നടക്കും. രാവിലെ 7 മണി മുതല്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ജീവസ്പര്‍ശം രക്തദാന ക്യാമ്പ് സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫുദ്ദീന്‍ മാരായമംഗലം, കണ്‍വീനര്‍ പി.കെ ഇസ്ഹാഖ് എന്നിവര്‍ അറിയിച്ചു.
കോവിഡ് നിയന്ത്രണമുള്ളതിനാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സമയം അനുവദിച്ച് രക്തദാനം ചെയ്യാവുന്ന തരത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ ഏവരും രജിസ്റ്റര്‍ ചെയ്ത് പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.