മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 24 ന് നടക്കും. മനാമ ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ് ബില്‍ഡിംഗില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകീട്ട് 6.30ന് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങില്‍ മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെകുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് കെഎംസിസിയുടെ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതിനെ കാണുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സോഫ്റ്റ് ഓപ്പണിങ് നടത്തി ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഔദ്യോഗിക ഉദ്ഘാടനം നടത്താന്‍ സാധിച്ചിരുന്നില്ല. 

ഗള്‍ഫ് മേഖലയിലെ കെഎംസിസിയുടെ ഏറ്റവും വലിയ ഓഫീസെന്ന് ഇതിനെ വിശേഷിപ്പിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. 6,500 ചതുരശ്രയടിയില്‍  സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ ഓരോ ജില്ലാ കമ്മിറ്റികള്‍ക്കും, സിഎച്ച് സെന്ററിനും പ്രത്യേകം ഓഫീസും പൊതു പരിപാടികള്‍ക്കായി രണ്ട് ഹാളുകളും ലൈബ്രറിയും, പ്രാര്‍ത്ഥന ഹാളും, പ്രത്യക കോണ്‍ഫറന്‍സ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 

സംഘ ശക്തിയുടെയും കൂട്ടുത്തരവാദിത്ത്വത്തിന്റെയും കരുതലില്‍ പിറന്ന ഈ ആസ്ഥാന മന്ദിരം ഓരോ കെഎംസിസി പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെയും പ്രാര്‍ത്ഥനയുടെയും  ഫലമായാണ് യാഥാര്‍ഥ്യമായത്. ഇതിനു വേണ്ടി ഒരുപാട് പേര്‍, സാമ്പത്തികമായും ശാരീരികമായും മാനസികമായും പിന്തുണ നല്‍കിയിട്ടുണ്ട്. എന്നും കെഎംസിസിയെ ചേര്‍ത്തു പിടിച്ചത് പോലെ മുന്നോട്ടുള്ള യാത്രയിലും ഈ സഹകരണം പ്രതീക്ഷിക്കുന്നു. ഏവരുടെയും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം ഉദ്ഘാടന ചടങ്ങ് നിലവിലെ സാഹചര്യത്തില്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകാള്‍ പാലിച്ചുകൊണ്ടായിരിക്കും നടക്കുക എന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റുമാരായ ഗഫൂര്‍ കൈപ്പമംഗലം, ഷാഫി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.