
മനാമ: പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററും മുസ്ലിം ലീഗ് നേതാവുമായ എസ് വി അബ്ദുല്ലയുടെ നിര്യാണത്തില്‍ കെ എം സി സി ബഹ്റൈന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
വേറിട്ട ചിന്തകളും നൂതനമായ ആശയങ്ങളും കൊണ്ട് എന്നും വ്യത്യസ്തനായിരുന്നു എസ് വി അബ്ദുള്ള. പ്രവാസി ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, എം എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ്, എം എസ് എഫ് അഖിലേന്ത്യാ ഓര്‍ഗനൈസര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. ബഹറൈന്‍ കെഎംസിസി മുന്‍ പ്രസിഡന്റും സി എച് സെന്റര്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ്‌റുമായ എസ് വി ജലീല്‍ സഹോദര പുത്രനാണ്.
വടകരയില്‍ ലീഗ് കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം പണിപ്പെട്ട എസ് വി നല്ലൊരു പ്രാസംഗികനും സംഘാടകനുമാണ്. കലാ സാഹിത്യ പ്രവര്‍ത്തന രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. എംഎസ്എഫിന്റെ ഇന്ന് കാണുന്ന പതാക രൂപ കല്‍പന ചെയ്തു സമ്മാനിച്ചയാളാണ് എസ് വി അബ്ദുള്ള.
ബഹ്റൈന്‍ കെഎംസിസി മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു എസ് വി അബ്ദുല്ല. പരേതന്റെ നിര്യാണത്തില്‍ കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ബഹ്റൈന്‍ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി അസ്സൈനാര്‍ കളത്തിങ്കല്‍ എന്നിവര് പറഞ്ഞു. പരേതന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചിച്ചു.