മനാമ: പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായ കെ.ജി. ബാബുരാജനെ ബഹ്‌റൈന്‍ കേരളീയ സമാജം അഭിനന്ദിച്ചു. കേരളീയ സമാജത്തിന്റെ സജീവാംഗമായ കെ.ജി. ബാബുരാജന് പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ഇതെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഈ അപൂര്‍വ്വ നേട്ടത്തില്‍ ബാബുരാജനെ അനുമോദിക്കുന്നതായി ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ അറിയിച്ചു.
പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് അര്‍ഹനായ കെ.ജി ബാബുരാജ് പ്രവാസി മലയാളികളുടെ അഭിമാനമെന്ന് ഒഐസിസി ബഹ്റൈന്‍ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അനേക വര്‍ഷക്കാലമായി ബഹ്റൈനിലെയും നാട്ടിലെയും സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ സജീവമായ കെ.ജി. ബാബുരാജ് ബഹ്റൈനില്‍ സാമൂഹ്യ, സാംസ്‌കാരിക,മത, ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വളരെ ശക്തമായ പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന വ്യക്തിത്വത്തിനുടമയാണ്.
കോവിഡ് മൂലം കഷ്ടപ്പെട്ട ആളുകളെ സഹായിക്കുവാനും കോവിഡ് മൂലം മരണപ്പെട്ട പാവപ്പെട്ട ആളുകളുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുവാനും അദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സഹായഹസ്തവുമായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന അദ്ദേഹം ഒരിക്കലും താന്‍ സഹായിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുവാനും അതില്‍ നിന്നുള്ള പരസ്യങ്ങളില്‍ നിന്ന് ഒഴിവാകുവാനും ശ്രദ്ധിക്കാറുണ്ട്. തന്റെ ബിസിനസ് സംരംഭങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മുഖ്യ പങ്കും ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കുന്ന അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം അറിയിച്ചു.
പുരസ്‌കാരത്തിനര്‍ഹനായ കെ.ജി. ബാബുരാജിനെ ബഹ്റൈന്‍ ശ്രീ നാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ജയകുമാര്‍ ശ്രീധരന്റെ അധ്യഷതയില്‍ കൂടിയ അനുമോദന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ സ്വാഗതം അറിയിച്ചു. ബഹ്റൈന്‍ കേരളീയ സമൂഹത്തിന് സന്തോഷിക്കാനും അഭിമാനിക്കാനുമുള്ള ദിവസമാണിതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കെ. ജി. ബാബുരാജ് ബഹ്റൈന്‍ മലയാളി സമൂഹത്തിന് നല്‍കിപ്പോരുന്ന എല്ലാവിധ സഹായ സഹകരണങ്ങളും അഭിനന്ദനാര്‍ഹമാണെന്നും യോഗം വിലയിരുത്തി