മനാമ: ബഹ്റൈന്‍ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ രൂപീകരിച്ച കെ.എഫ്.ഏ. ബഹ്റൈന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  നീണ്ട ഇടവേളയ്ക്കു ശേഷം നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ശ്രദ്ധേയമായി. ആരോഗ്യവകുപ്പിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ കളിക്കാര്‍ക്ക് മാത്രമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ജൂലൈ 29, 30 തിയ്യതികളില്‍ സിഞ്ച് അല്‍ അഹ്‌ലി ക്ലബ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു  ടൂര്‍ണമെന്റ്.

പരിമിതമായ സാഹചര്യത്തിലും 14 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ആവേശം നല്കിയ മത്സരങ്ങള്‍ നിറഞ്ഞതായിരുന്നു. നിശ്ചിത സമയത്ത് സമനിലയില്‍ ആയ ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ യൂത്ത് ഇന്ത്യ എഫ്.സി. 1.0 നു അദ്‌ലിയ എഫ്.സി. യെ പരാജയപ്പെടുത്തി.

ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി യൂത്ത് ഇന്ത്യ എഫ്.സി. യുടെ സലീല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ വേട്ട നടത്തിയതിനു അദ്‌ലിയ എഫ്.സി. യുടെ താഹിര്‍, മികച്ച
ഗോള്‍ കീപര്‍ ആയി യൂത്ത് ഇന്ത്യ എഫ്.സി. യുടെ മുജീബ് റഹ്മാന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഫുട്ബോളിലെ സൗന്ദര്യവും, ആരോഗ്യവും അച്ചടക്കവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ഏ. ബഹ്റൈന്‍ നല്‍കുന്ന ഫെയര്‍ പ്ലേ അവാര്‍ഡ് ബ്രോതേഴ്സ് സോക്കര്‍ ക്ലബ് നേടി.

കെ.എഫ്.ഏ. ബഹ്റൈന്‍ അമരക്കാരായ പ്രസിഡന്റ് ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്റുമാരായ റഫീഖ്, വിജീഷ്, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, ജോയിന്റ് സെക്രട്ടറിമാരായ അബ്ദുള്‍ ജലീല്‍, നൗഫല്‍ കുട്ടഞ്ചേരി, ട്രഷറര്‍ റസാഖ് വല്ലപ്പുഴ, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ തസ്ലിം തെന്നാടന്‍, കെ.എഫ്.ഏ. ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവർ ചേർന്ന് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.