മനാമ: കാസര്‍കോട് അഗ്രി ഹോര്‍ട്ടി സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍ഷക അവാര്‍ഡ് ബഹ്റൈന്‍ പ്രവാസിയും, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാഫി പാറക്കട്ട കരസ്ഥമാക്കി. കാസര്‍കോഡ് ബദിയടുക്ക പഞ്ചായത്തിലെ നീര്‍ച്ചാലില്‍ സ്ഥിതി ചെയ്യുന്ന ഷാഫിയുടെ മാസ്‌ക്കോ ഫാമിനാണ് ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫാമിനുള്ള ജില്ലാ അവാര്‍ഡ് ലഭിച്ചത്. 

പ്രവാസിയാണെങ്കിലും എല്ലാ മാസവും നാട്ടിലെത്തി തന്റെ കൃഷിയിടത്തിനും ഫാമിനും പ്രത്യേക പരിഗണന കൊടുക്കുന്ന ഷാഫി പാറക്കട്ടയുടെ  നിയന്ത്രണത്തില്‍ തന്നെയാണ് ഫാം മുന്നോട്ട് പോകുന്നത്.

കൃഷിയെ അതിരറ്റു സ്‌നേഹിക്കുന്ന ഷാഫി പച്ചക്കറികള്‍, നാടന്‍ കോഴി, കരിങ്കോഴി, ആട്, പശു, ടര്‍ക്കി, താറാവ്, അരയന്നം, ഗിനി, കാട, തുടങ്ങിയ പക്ഷികള്‍, മത്സ്യകൃഷി, എന്നിവയാണ് ഫാമിലെ മുഖ്യ ഇനങ്ങള്‍. കുടുംബത്തിന് ആവശ്യമായ കലര്‍പ്പില്ലാതെ പച്ചക്കറികള്‍ സ്വയം ഉത്പാദിപ്പിച്ചു കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഷാഫി  സാക്ഷ്യപ്പെടുത്തുന്നു. ജൈവ വളങ്ങള്‍ മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്നതാണ് ഫാമിന്റെ പ്രത്യേകത. റംബൂട്ടാന്‍, കസ്റ്റര്‍ഡ് ആപ്പിള്‍, ചിക്കു, മാങ്ങ, പൈനാപ്പിള്‍, കരിമ്പ് തുടങ്ങിയവയും വിവിധയിനം ചെടികളും 4 മീറ്റര്‍ വീതിയും 110 മീറ്റര്‍ നീളവും ഉള്ള പാഷന്‍ ഫ്രൂട്ട് പന്തല്‍ ഫാമിന്റെ സൗന്ദര്യം വിളിച്ചോതുന്ന ഘടകമാണ്. അവാര്‍ഡിനര്‍ഹമായ  ഏറ്റവും വലിയ ഘടകം ഈ പാഷന്‍ ഫ്രൂട്ട് പന്തല്‍ തന്നെയാണ്. വീടിനടുത്തായി തന്നെ സജ്ജീകരിച്ച ഈ വലിയ ഫാം അഞ്ച് ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതുകൂടാതെ മൂന്നേക്കര്‍ സ്ഥലത്തുള്ള മറ്റൊരു ഫാമും ഇദ്ദേഹത്തിനുണ്ട്. പശുവിനുള്ള പുല്‍ കൃഷി ഇവിടെ തന്നെയാണ് ചെയ്യുന്നത്.