മനാമ: ബഹ്‌റൈനില്‍ ഈ വര്‍ഷത്തെ ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. നവംബര്‍ 16 മുതല്‍ 20 വരെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ബഹ്‌റൈന്‍  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഇത്തവണയും വന്‍ പ്രതികരണമാണു ലഭിക്കുന്നത്. ആഗോളതലത്തില്‍ കോവിഡ് മഹാമാരി നിയന്ത്രണവിധേയമായ സാഹചര്യത്തിലും ബഹ്‌റൈനിലേക്കുള്ള യാത്രാനിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്തിയതിനാലും പ്രദര്‍ശനത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നിരവധി ആന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിക്കഴിഞ്ഞു. പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ജ്വല്ലറി അറേബ്യയില്‍ തങ്ങളുടെ ആദ്യ സാന്നിധ്യം സ്ഥിരീകരിച്ചത് ഇത്തവണത്തെ പ്രത്യേകതയാണ്. ഡേവിഡോര്‍, ഫുള്‍ഓര്‍ഡ്, യെവല്‍, ബ്യൂറെഗാര്‍ഡ് എന്നീ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു. 
 
കഴിഞ്ഞ തവണ, ആതിഥേയ രാജ്യമായ ബഹ്‌റൈനില്‍നിന്ന് 67 സ്ഥാപനങ്ങളും യു.എ.ഇ.യില്‍നിന്ന് 72 സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. മിഡിലീസ്റ്റില്‍ നിന്നുള്ള ഇവരുടെ പ്രാതിനിധ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കാറുള്ളത്  ഇന്ത്യയില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്. ഡല്‍ഹി, മുംൈബ, ഹൈദരാബാദ്, കല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 60 സ്ഥാപനങ്ങള്‍ കഴിഞ്ഞ തവണ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവാറുണ്ട്. ഇന്ത്യയില്‍നിന്നുള്ള ആഭരണങ്ങളുടെ ഗുണമേന്മയും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമാണ് വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങളുടെ പ്രധാന വിപണി ഇന്നും ഗള്‍ഫ് തന്നെയാണെന്ന് പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനം റദ്ദാക്കിയിരുന്നു. 1919 ല്‍ നടന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കമുള്ള 36 രാജ്യങ്ങളില്‍നിന്നായി 561 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പങ്കെടുത്തിരുന്നു. എല്ലാ വര്‍ഷവും ഇന്ത്യ, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ഗ്രീസ്, ജര്‍മ്മനി, ഹോങ്കോങ്, ഇറ്റലി, തായ്‌ലന്‍ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ എത്താറുള്ളത്. ജ്വല്ലറി ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ലോകത്തിലെ ഏറ്റവും വിലക്കൂടിയ പേനകളുടെ പ്രദര്‍ശനവും നടക്കാറുള്ളത് ശ്രദ്ധേയമാണ്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ദിവസേന വൈകീട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ വളരെ കര്‍ശനമായ സുരക്ഷയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കാറുള്ളത്. മറ്റു പ്രദര്‍ശനങ്ങളെ അപേക്ഷിച്ച് ജ്വല്ലറി അറേബ്യക്ക് വര്‍ഷം തോറും സ്വീകാര്യതയേറുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.