മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഐവൈസിസി) ഏഴാമത് യൂത്ത് ഫെസ്റ്റ് വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെഗയയില്‍ സ്ഥിതി ചെയ്യുന്ന ഐമാക് മീഡിയ സിറ്റിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിപാടി നടക്കുക. ഐസിആര്‍എഫ് ചെയര്‍മാന്‍ ബാബു രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഐഒസി ബഹ്റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ മുഖ്യഅതിഥിയാവും. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ്, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നെറ്റാ ഡിസൂസ, എന്‍എസ്‌യൂഐ പ്രസിഡന്റ് നീരജ് കുന്താന്‍, എഐസിസി ജനറല്‍ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ ആശംസകള്‍ അറിയിക്കും. ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായിക്ക് ചടങ്ങില്‍ വെച്ച് സമര്‍പ്പിക്കും. കോവിഡ് കാലഘട്ടത്തില്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിച്ച കോവിഡ് വാരിയേഴ്സിനെ ആദരിക്കും. കഴിഞ്ഞ കാലങ്ങളിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. നിലവിലെ കമ്മിറ്റിയുടെ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാഗസിന്‍ പ്രസിദ്ധീകരിക്കുമെന്നും ബഹ്റൈനിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ ചടങ്ങിന് മാറ്റു കൂട്ടുമെന്നും പ്രസിഡന്റ് അനസ് റഹീം, ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍, ട്രഷര്‍ നിതീഷ് ചന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹരി ഭാസ്‌കര്‍, സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ഫാസില്‍ വട്ടോളി, വിനോദ് ആറ്റിങ്ങല്‍, ബെന്‍സി ഗനിയുഡ് വസ്റ്റ്യന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.