മനാമ: ഐവൈസിസി മൗലാനാ അബുല്‍ കലാം ആസാദ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ധര്‍മടം നിയോജകമണ്ഡലത്തില്‍പെട്ട ചെമ്പിലോട്ട് പഞ്ചായത്തില്‍ മുതുകുറ്റി ദേവാനന്ദ് ഷിബുവിന് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ കൈമാറി. മുതുകുറ്റിയില്‍ ഷോക്കേറ്റ് പിടഞ്ഞ മൂന്ന് പേരെ സമയോചിത ഇടപെടല്‍ നടത്തി രക്ഷിച്ച കുട്ടിയാണ് ദേവാനന്ദ്. കണ്ണൂര്‍ എംപി കൂടിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിനന്ദനം അറിയിക്കാന്‍ കുട്ടിയെ വിളിച്ചപ്പോഴാണ് പഠിക്കുവാന്‍ അസൗകര്യം ഉള്ള കാര്യം അറിയിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെസി മുഹമ്മദ് ഫൈസല്‍ ഐവൈസിസി പ്രവര്‍ത്തകനായ കിഷോര്‍ ചെമ്പിലോഡിനെ അറിയിച്ചതനുസരിച്ചാണ് ഫോണ്‍ കൈമാറിയത്. ചെമ്പിലോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡിസിസി  ജനറല്‍ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസല്‍ മൊബൈല്‍ ഫോണ്‍ നല്‍കി. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഷിജില്‍ പെരുബാല, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.വി. അനീശന്‍, പ്രീയേഷ് മുതുകുറ്റി, ജിജി. കെ.പി., മുരളിധരന്‍. കെ.കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.