മനാമ: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസി വിരുദ്ധ സമീപനം സ്വീകരിച്ച പിണറായി സര്‍ക്കാരിനെ ജനം തൂത്തെറിയുമെന്ന് ഐവൈസിസി. ധൂര്‍ത്തും അഴിമതിയുമായി കപടമായ അവകാശവാദങ്ങള്‍ ഉന്നയിച്ചു പിആര്‍ വര്‍ക്കിലൂടെ വ്യാജ നിര്‍മിതികള്‍ സൃഷ്ടിച്ചു കേരള ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ ചിന്താഗതി ചിന്താശേഷിയുളള കേരള സമൂഹം തള്ളിക്കളയും. പ്രവാസികളെ കോവിഡ് വാഹകരാക്കിയും ഒറ്റപ്പെടുത്തിയും പ്രവാസ ലോകത്ത് കോവിഡ് മൂലം മരണപെട്ട പ്രവാസി കുടുംബങ്ങളെ തിരിഞ്ഞ് പോലും നോക്കാതെ അവഗണിച്ച സര്‍ക്കാരാണിത്. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഐവൈസിസി സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയുമായ അരിത ബാബു മുഖ്യാതിഥി ആയിരുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനം സാധാരണക്കാര്‍ക്ക് എന്നും നല്‍കുന്ന പരിഗണനയുടെ ഫലമാണ് തന്നെ പോലുള്ളവര്‍ക്ക് സ്ഥാനാര്‍ഥി ആകുവാന്‍ കഴിഞ്ഞത് എന്ന് അരിത ബാബു പറഞ്ഞു.

പ്രസിഡന്റ് അനസ് റഹിമിന്റെ അധ്യക്ഷതയില്‍ സൂമില്‍ നടന്ന യോഗം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്‌റൈന്‍ പ്രസിഡന്റ് മുഹമ്മദ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ഐ ഓ സി സെക്രട്ടറി ബഷീര്‍ അമ്പാലായി, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, ബിജു മലയില്‍, അനില്‍ യു കെ, ഫാസില്‍ വട്ടോളി, റിച്ചി കളത്തൂഴെത്ത്, ധനേഷ് പിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍ സ്വാഗതവും സന്തോഷ് സാനി നന്ദിയും പറഞ്ഞു.