മനാമ:ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ യുവജന ഉത്സവമായ തരംഗ് 2021 ന്റെ ആദ്യ ഘട്ടം സമാപിച്ചു. ആദ്യ ഘട്ടത്തില്‍ കവിത രചന, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ് തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി ഓണ്‍ലൈനില്‍ പങ്കുകൊണ്ടു. 

വേനല്‍ക്കാല അവധിക്കു ശേഷം സെപ്തംബര്‍/ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം ഘട്ടം മത്സരം സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നാണ് ഇന്ത്യന്‍ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍. 130 ഓളം ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സജീവമായി  പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. ഈ കലോത്സവം എല്ലാ പ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തം, കല, സംഗീതം എന്നിവയിലെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ധാരാളം അവസരങ്ങള്‍ നല്‍കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന തരംഗ്  പരിപാടി ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതിലൂടെ കുട്ടികളുടെ മുഖ്യധാരാ വിദ്യാഭ്യാസത്തില്‍ പഠ്യേതര പ്രവര്‍ത്തനങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നത്  ലക്ഷ്യമിടുന്നതായി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ പറഞ്ഞു. 

കലോത്സവത്തിന് വിദ്യാര്‍ത്ഥികളുടെ ആവേശകരമായ പ്രതികരണം ലഭിച്ചതായി ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. യൂത്ത് ഫെസ്റ്റിവലില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിപാടികള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃത്വപരമായ കഴിവു തെളിയിച്ച  അധ്യാപകരെയും പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി അഭിനന്ദിച്ചു.  

Content Highlight: Indian school youth festival