മനാമ:ഇന്ത്യന്‍ സ്‌കൂള്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസിലുമുള്ള സ്‌കൂള്‍ ടോപ്പര്‍മാരെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ദാന ചടങ്ങു സംഘടിപ്പിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ നടന്ന വെര്‍ച്വല്‍ അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങില്‍ 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. 

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ 2020-2021 അധ്യയന വര്‍ഷത്തിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ആദരം. ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷീദ് ആലം, ബിനു മണ്ണില്‍ വറുഗീസ്, പ്രേമലത എന്‍എസ്, രാജേഷ് നമ്പ്യാര്‍, സജി ജോര്‍ജ്, മുഹമ്മദ് നയാസ് ഉല്ല, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി കുമാര്‍ ജെയിന്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസ്സി, കമ്മ്യൂണിറ്റി നേതാക്കളായ മുഹമ്മദ് ഹുസൈന്‍ മലിം, പി എം വിപിന്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വകുപ്പ് മേധാവികള്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പന്ത്രണ്ടാം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ആരോണ്‍ ഡൊമിനിക് ഡികോസ്റ്റ (99%), ആദിത്യ സിംഗ് (99%), മേഘന ഗുപ്ത (98.4%), നിപുണ അശോക് (97.2%), ദേവദേവ് സുജിത്ത് കൂട്ടാല (97.2%), പത്താം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ഗുഗന്‍ മേട്ടുപ്പാളയം ശ്രീധര്‍ (98.8%), വീണ കിഴക്കേതില്‍ (98.6%), മാനസ മോഹന്‍ (97.6%), ഹിമ പ്രശോഭ് (97.6%) എന്നിവരാണ് സ്വര്‍ണ്ണ മെഡല്‍ നേടിയവരില്‍ ഉള്‍പ്പെടുന്നത്.

ഉദ്ഘാടന പ്രസംഗത്തില്‍, ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ ഇന്ത്യന്‍ സ്‌കൂളിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കുകയും കോവിഡ് -19 ന്റെ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും പ്രകീര്‍ത്തിച്ചു . സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ അക്കാദമിക് ടീമിന്റെ കൂട്ടായ പരിശ്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും മികച്ച അക്കാദമിക് പ്രകടനത്തില്‍ കലാശിച്ചുവെന്നു പറഞ്ഞു.  സിബിഎസ്ഇ ഫലങ്ങളുടെ വിശദ വിവരങ്ങള്‍ അവതരിപ്പിച്ച പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി ഇന്ത്യന്‍ സ്‌കൂള്‍ സ്ഥിരമായ അക്കാദമിക് മികവ് നിലനിര്‍ത്തുന്നുവെന്നു ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്‌കൂള്‍ കുടുംബത്തിന്റെ സമര്‍പ്പിത പരിശ്രമങ്ങളുടെ ഫലമായി വിദ്യാര്‍ത്ഥികളുടെ മികച്ചതും സ്ഥിരവുമായ പ്രകടനം അക്കാദമിക മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്ന് ഇ.സി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുര്‍ഷീദ് ആലം അനുമോദന പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു.