മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥിനി ഹന ഖൈസ് രചിച്ച നോവല്‍ ശ്രദ്ധേയമാവുന്നു. പുതിയ കഥകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള വെബ്‌സൈറ്റായ വാറ്റ്പാഡില്‍ ഹന എഴുതിയ 'ഹെയ്ലി' എന്ന കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ലോകമെമ്പാടുമുള്ള 1,42,000ല്‍ അധികം പേര്‍ ഹനയുടെ നോവല്‍ വായിച്ചു കഴിഞ്ഞു. ബഹ്റൈനില്‍ കോവിഡ്-19 ലോക്ക്ഡൗണിനിടയില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഹന തന്റെ നോവല്‍  പോസ്റ്റുചെയ്യാന്‍ തുടങ്ങിയത്. 

36 അധ്യായങ്ങളുള്ള ഒരു കൗമാര കഥയാണ് 'ഹെയ്ലി'. 14 വയസുള്ള ഹെയ്ലി ആന്‍ഡ്രൂസ് എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ ഇതിവൃത്തം   നീങ്ങുന്നത്. ഹനയുടെ 'ഹെയ്ലി'ക്ക് വാട്ട്പാഡില്‍ കൗമാര കഥകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുകളുണ്ട്.

ആദ്യ പുസ്തകമായ ഹെയ്ലി തന്റെ ഭാവനാ സൃഷ്ടിയാണെന്നു ഹന പറയുന്നു. ലോക്ക്ഡൗണിനിടയില്‍ വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ വിരസതയോട് പോരാടുന്നതിനു പകരം സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുന്നതിന് തന്റെ സമയം വിനിയോഗിക്കുകയായിരുന്നുവെന്നു ഹന പറയുന്നു. പഠനത്തിലും മികവു പുലര്‍ത്തുന്ന ഹന തന്റെ പുസ്തകം സമീപഭാവിയില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം കലിക്കറ്റ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫോറത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വകുപ്പ് ഹനയെ ക്ഷണിച്ചിരുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹനയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ നിന്ന് പ്രശംസ ലഭിച്ചുവരുന്നു. 

കോഴിക്കോട്ടുകാരിയായ ഹന 2019 ലാണ് ഇന്ത്യന്‍ സ്‌കൂളില്‍ ചേരുന്നത്. ബഹ്‌റൈനിലെ ബിസിനസുകാരനായ ഖൈസ് തയാട്ടുമ്പാലിയുടെയും അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍  അധ്യാപികയായ നദീറയുടെയും മകളാണ്. സഹോദരങ്ങളായ അനം ഖൈസ്, നിയ ആമിന ഖൈസ് എന്നിവരും ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്നു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വമി എന്നിവര്‍ ഹനയുടെ നേട്ടങ്ങളെ അഭിനന്ദിച്ചു.