മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഈ വര്‍ഷത്തെ സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ ഭാഷകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ വിദ്യാര്‍ത്ഥികള്‍ ക്ലാസിക് ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഒരു പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മിഡില്‍ സെക്ഷനിലെയും സീനിയര്‍ സെക്ഷനിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ അവര്‍ പാരായണം ചെയ്തു. സംസ്‌കൃത ഗാനങ്ങള്‍, കഥകള്‍, പോസ്റ്ററുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംഘഗാനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനം വളരെ പ്രശംസനീയമായിരുന്നു. സംസ്‌കൃത അധ്യാപിക മമത മോഹനന്‍ പരിപാടി ഏകോപിപ്പിച്ചു. മിഡില്‍ സെക്ഷന്‍ ഹെഡ് ടീച്ചര്‍ പാര്‍വതി ദേവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും സുഗമമായി ഓണ്‍ലൈനില്‍ നടന്നു.  സ്‌കൂള്‍ അധികൃതരുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും വലിയ പിന്തുണയും പ്രോത്സാഹനവും ആഘോഷത്തെ മികവുറ്റതാക്കി. 

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ സന്ദേശത്തില്‍ ക്ലാസിക് ഭാഷയായ സംസ്‌കൃതം ഇന്ത്യന്‍ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണെന്നു പറഞ്ഞു. ലോകത്തിലെ പ്രാചീനമായ ഭാഷകളില്‍ ഒന്നായ സംസ്‌കൃതം ഇന്ത്യന്‍ സംസ്‌കാരത്തിന് മുതല്‍ക്കൂട്ടാണെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ക്ലാസിക് ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുകൊണ്ട് സംസ്‌കൃത ദിനം സംഘടിപ്പിക്കുന്നതില്‍ അധ്യാപകരുടെ വലിയ ശ്രമങ്ങളെ പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി അഭിനന്ദിച്ചു.