മനാമ: എഴുപതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, ലോഗോ മത്സരം സംഘടിപ്പിക്കുന്നു. 1950 ല്‍ സ്ഥാപിതമായ സ്‌കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയുള്ള പരിപാടികളില്‍ ഈ ലോഗോ ഉപയോഗിക്കും. ഐഎസ്ബി @ 70 എ ആഘോഷ പരിപാടികള്‍ ഈ വര്‍ഷാവസാനം വരെ നീളും.

ലോഗോ ഡിസൈന്‍ മത്സരത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. സ്‌കൂളിന്റെ പേരും പെരുമയും സംസ്‌കാരവും ചിത്രീകരിക്കുന്ന ലോഗോയുടെ രൂപകല്‍പ്പന യഥാര്‍ത്ഥ കലാസൃഷ്ടിയായിരിക്കണം. ഏതെങ്കിലും എന്‍ട്രികള്‍ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള അവകാശം സ്‌കൂളില്‍ നിക്ഷിപ്തമായിരിക്കും. തിരഞ്ഞെടുത്ത ലോഗോയ്ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. ലോഗോയുടെ പകര്‍പ്പവകാശം സ്‌കൂളിനായിരിക്കും. മാത്രമല്ല  സ്‌കൂള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും ചെയ്യും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ എന്‍ട്രികള്‍ ഫെബ്രുവരി 20 നകം isb70@indianschool.bh എ ഈമെയിലിലേക്ക്   അയയ്ക്കാം. ഡിസൈനിന് പിന്നിലെ ആശയം വിശദീകരിക്കുന്ന ഒരു വിവരണവും ലോഗോയ്ക്കൊപ്പം ഉണ്ടായിരിക്കണം. എന്‍ട്രികള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍, അവര്‍ മേല്‍പ്പറഞ്ഞ നിയമങ്ങളും വ്യവസ്ഥകളും മനസിലാക്കിയിട്ടുണ്ടെന്ന് അനുമാനിക്കുകയും അവ അനുസരിക്കാമെന്ന് സമ്മതിക്കുകയും ചെയ്യുതായി കണക്കാക്കും. എല്ലാ എന്‍ട്രികളും അപേക്ഷകനെ ബന്ധപ്പെടേണ്ട വിശദാംശങ്ങള്‍ സഹിതം സമര്‍പ്പിക്കണം.

Content Highlights: Indian school 70th annual logo design competition