മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, സംസ്‌കൃത ദിനം വിവിധ പരിപാടികളോടെ ഓണ്‍ലൈന്‍ വഴി ആഘോഷിച്ചു. പ്രാര്‍ത്ഥനയോടെ പരിപാടി ആരംഭിച്ചു. സ്‌കൂള്‍ മിഡില്‍ സെക്ഷനിലെയും സെക്കണ്ടറി സെക്ഷനിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ ജോസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്‌കൃതത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ഭഗവത്ഗീത ആലപിച്ചു. ഗീതാ പാരായണത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും പ്രകടനവും ഏറെ പ്രശംസനീയമായിരുന്നു. സംസ്‌കൃത ഗാനങ്ങളും കഥകളും ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ സംസ്‌കൃത പോസ്റ്ററുകള്‍ നിര്‍മ്മിച്ചു മികവ് തെളിയിച്ചു. സ്‌കൂള്‍ അധികൃതരും എക്സിക്യുട്ടീവ് കമ്മിറ്റിയും നല്‍കിയ മികച്ച പിന്തുണയും പ്രോത്സാഹനവും സംസ്‌കൃത ദിനത്തെ വന്‍ വിജയമാക്കി മാറ്റി. പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.