മനാമ: ഇന്ത്യയും ബഹ്റൈനും തമ്മില്‍ നയതന്ത്രബന്ധം തുടങ്ങിയിട്ട് അമ്പതു വര്ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് സംയുക്ത ലോഗോ പ്രകാശന ചടങ്ങ് എംബസി സംഘടിപ്പിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോഗോ ലോഞ്ച് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയിലെ ബഹ്‌റൈന്‍ അംബാസഡര്‍ അബ്ദുറഹ്മാന്‍ അല്‍ ഗൗഡ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ആഫ്രോ-ഏഷ്യന്‍ അഫയേഴ്‌സ് മേധാവി ഫാത്തിമ അബ്ദുള്ള അല്‍ ധാന്‍, ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ എന്നിവര്‍ സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യയും ബഹ്‌റൈന്‍ രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചത് 1971 ഒക്ടോബര്‍ 12 നാണ്.

ഇന്ത്യക്കാര്‍ക്കും ബഹ്‌റൈനികള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഇന്ത്യന്‍ എംബസി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒരു ലോഗോ ഡിസൈന്‍ മത്സരം നടത്തിയിരുന്നു. ഇതില്‍ ഇരുന്നൂറോളം എന്‍ട്രികള്‍ ലഭിച്ചു. ഇതില്‍നിന്ന് മലയാളിയായ  അജോ ആന്റണി രൂപകല്‍പ്പന ചെയ്ത ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ചടങ്ങില്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ അജോ ആന്റണിയെ ആദരിച്ചു.

ബഹ്‌റൈന്‍ ആര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകള്‍, ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബഹ്റൈന്‍ ഗവണ്‍മെന്റിന്റെ ബന്ധപ്പെട്ട ഏജന്‍സികളുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷനുകളുമായും സഹകരിച്ച് സുവര്‍ണ്ണ ജൂബിലിയുടെ നാഴികക്കല്ലായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അടുത്ത മാസമാണ് ജൂബിലി ആഘോഷം നിശ്ചയിച്ചിരിക്കുന്നത്.