മനാമ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്') അവരുടെ വര്‍ഷം തോറുമുള്ള വേനല്‍ക്കാല പദ്ധതിയായ തേഴ്സ്റ്റ് ഖ്വഞ്ചേഴ്‌സ് 2021 ന്റെ ഭാഗമായി ബൊഹ്‌റാ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ മറാസി അല്‍ ബഹ്‌റൈന്‍ വര്‍ക്ക് സൈറ്റിലെ 130 ഓളം തൊഴിലാളികള്‍ക്ക് കുടിവെള്ളവും പഴങ്ങളും ഭക്ഷണവും വിതരണം ചെയ്തു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ലൈയറുകള്‍ക്കൊപ്പം ഐസിആര്‍എഫ് വോളന്റിയര്‍മാര്‍ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയല്‍ സോപ്പുകളും വിതരണം ചെയ്തു. ഇത് പരമ്പരയിലെ പന്ത്രണ്ടാമത്തെ പ്രോഗ്രാം ആണ്. ഇതോടെ ഈ വര്‍ഷത്തെ വേനല്‍ക്കാല ബോധവല്‍ക്കരണ പരിപാടി സമാപിച്ചതായി സംഘാടകര്‍ അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയും വേനല്‍ക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണമെന്ന് അവരെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ്. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഡോ.ബാബു രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പങ്കജ് നല്ലൂര്‍, ഐ.സി.ആര്‍.എഫ്. വളന്റിയര്‍മാരായ മുരളീകൃഷ്ണന്‍, സുല്‍ഫിക്കര്‍ അലി, രമണ്‍ പ്രീത്, എന്നിവര്‍ പങ്കെടുത്തു.