മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ 'ഫ്രറ്റേണിറ്റി ഓഫ് എറണാകുള'ത്തിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ ഏഴിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍ മുഖ്യാതിഥിയും കേരള ലൈബ്രറി കൗണ്‍സില്‍ അംഗം സക്കീര്‍, കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുക്കും.

'ഫ്രറ്റേണിറ്റി നൈറ്റ്' എന്നപേരില്‍ ശനിയാഴ്ച വൈകീട്ട് 7.30ന് നടക്കുന്ന സൗഹൃദ സല്‍ക്കാര ചടങ്ങ് സല്‍മാനിയയിലെ മെര്‍മറിസ് ഹാളിലാണ് സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരുക്കുന്ന സംഗീത സന്ധ്യയില്‍ പിന്നണി ഗായകരായ വിപിന്‍ സേവ്യര്‍, അനിത ശൈഖ്, തുടങ്ങിയവരോടൊപ്പം അംഗങ്ങളായ രഞ്ജിത്ത്, പവിത്ര പദ്മകുമാര്‍, അതുല്‍ കൃഷ്ണ എന്നിവരും ചേരും. 

പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം എറണാകുളത്തെ കാന്‍സര്‍ രോഗികളെ പരിപാലിക്കുന്ന പാലിയേറ്റിവ് കാന്‍സര്‍ യൂണിറ്റിന് നല്‍കും.  പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചെറുകഥ, പദ്യ രചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും അന്ന് നടക്കുമെന്ന്  ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കൈതാരത്ത് അറിയിച്ചു. പ്രവേശനം പാസ് വഴി നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് 39174747 എന്ന നമ്പറില്‍ വിളിക്കാം. 

അസോസിയേഷന്‍ ഭാരവാഹികളായ ഷാനവാസ് സേട്ട്, എല്‍ദോ മത്തായി, ജയശങ്കര്‍,പി.വി.രമേശ്, അനില്‍ കുമാര്‍, അരുണ്‍ കൈതാരത്ത്, സുനില്‍ ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.