മനാമ: ഈദ് ദിനത്തില്‍ ബഹ്‌റൈനിലെ ഏതാനും പ്രവാസി സംഘടനകള്‍ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചത് ശ്രദ്ധേയമായി. 30 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കും ആത്മനിയന്ത്രണത്തിനും ശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങിയ സഹോദരങ്ങള്‍ക്കുവേണ്ടി സഹായഹസ്തവുമായി ലാല്‍ കെയേര്‍സ് ഇത്തവണയും രംഗത്തിറങ്ങി. ബഹ്‌റൈന്‍ ചെറിയ പെരുന്നാള്‍ദിവസം എക്കറിലെ ഒരു തൊഴിലാളീ ക്യാമ്പില്‍ 40-ഓളം തൊഴിലാളികള്‍ക്ക് വസ്ത്രങ്ങളും അത്യാവശ്യസാധനങ്ങളും എത്തിച്ചു. ലാല്‍ കെയേര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം. ഫൈസല്‍, ട്രഷറര്‍ ഷൈജു കന്‍പത്ത് എന്നിവര്‍ വിതരണം ചെയ്തു. ജോ. സെക്രട്ടറി മനോജ് മണികണ്ഠന്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ അരുണ്‍ നെയ്യാര്‍, അരുണ്‍ തൈക്കാട്ടില്‍, അനു എബ്രഹാം, അജീഷ് മാത്യു, അനീഷ്, വിഷ്ണു, വിനീത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫ്രന്‍ഡ്‌സ് ഓഫ് ബഹ്‌റൈന്‍ ഈദ് ദിനത്തില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമടങ്ങുന്ന നിരവധി സാധനങ്ങളുമായി അന്‍പതിലധികം തൊഴിലാളികള്‍ താമസ സ്ഥലത്തെത്തി, അവര്‍ക്ക് വസ്ത്രവും ഒരു മാസത്തേക്കുള്ള അരി, എണ്ണ, ചിക്കന്‍, പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍, പഞ്ചസാര, മസാലപ്പൊടികള്‍, മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവ കൈമാറി. രക്ഷാധികാരി മോനി ഒടികണ്ടത്തില്‍, ചെയര്‍മാന്‍ ഫൈസല്‍, പ്രസി. ജ്യോതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ദിലീപ്, രാജ് കൃഷ്ണന്‍, ഷൈജു കന്‍പത്ത് എന്നിവര്‍ നേതൃത്വം നല്‍കി വനിതാവിഭാഗം ഭാരവാഹികളായ റീന രാജീവ്, സൈറ പ്രമോദ്, ദീപ ദിലീപ്, ഷില്‍സ റിലീഷ്, ബിസ്മി ഇമാം, സുമിത സതീഷ്, ജയലക്ഷ്മി, സുജമോനി എന്നിവര്‍ സന്നിഹിതരായി.