മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ഈദ് സൗഹൃദ സന്ദര്‍ശനം നടത്തി. സി.എസ്.ഐ ചര്‍ച്ച് വികാരി റവ.ജെയിംസ് ജോസഫുമായി അസോസിയേഷന്‍ സംഘം കൂടിക്കാഴ്ച്ച നടത്തുകയും മത സമൂഹങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ ഉന്നയിക്കുകയും ചെയ്തു. തന്റെ  ജീവിതത്തിലെ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും കാലം മായ്ക്കാത്ത ഓര്‍മകള്‍ അദ്ദേഹം സംഘവുമായി പങ്കുവെച്ചു. കൂടിക്കാഴ്ച്ചയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍, ജന. സെക്രട്ടറി എം.എം സുബൈര്‍, വൈസ് പ്രസി. സഈദ് റമദാന്‍ നദ്വി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഷാജി, ഗഫൂര്‍ മൂക്കുതല, ദിശ സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ഹഖ് എന്നിവര്‍ സംബന്ധിച്ചു.