മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഈ വര്‍ഷത്തെ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകമത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും വിധികര്‍ത്താക്കളായെത്തിയ പ്രശസ്ത നാടക പ്രവര്‍ത്തകനായ കെ.ഇ.രാജേന്ദ്രനും അദ്ദേഹത്തിന്റെ പത്‌നി, പ്രശസ്ത കലാകാരിയായ സന്ധ്യാ രാജേന്ദ്രന്‍ എന്നിവരാണ് വിധിപ്രഖ്യാപനം നടത്തിയത്. സുരേഷ് പെണ്ണൂക്കരയുടെ സംവിധാനത്തില്‍ അവതരിപ്പിച്ച മാതംഗി ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസിയായ ആശാമോന്‍ കൊടുങ്ങല്ലൂര്‍ രചിച്ച ഈ നാടകം അവതരിപ്പിച്ചത് ജ്യോതിസ് ബഹ്‌റൈന്‍ ആണ്. ഈ നാടകത്തില്‍  അഭിനയിച്ച സൗമ്യ കൃഷ്ണപ്രസാദിന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. 

ശാന്തകുമാറിന്റെ രചനയില്‍ ദിനേശ് കുറ്റിയില്‍ സംവിധാനം ചെയ്ത സ്വപ്നവേട്ട എന്ന നാടകത്തിനാണ് മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചത്. ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതും ഈ നാടകത്തിനാണ്. ഐ.വൈ.സി.സി. ബഹ്‌റൈനാണ് ഈ നാടകം അവതരിപ്പിച്ചത്. ഈ നാടകം സംവിധാനം ചെയ്ത ദിനേശ് കുറ്റിയില്‍ മികച്ച നടനായും, മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച രംഗസജ്ജീകരണം (സജീഷ്), ദീപവിതാനം (കൃഷ്ണകുമാര്‍ പയ്യന്നൂര്‍) ചമയം (സജീവന്‍ കണ്ണപുരം) മികച്ച നടിക്കുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് (പൂജ ഉണ്ണികൃഷ്ണന്‍) എന്നീ ഏഴു അവാര്‍ഡുകളാണ് ഈ നാടകത്തിന് ലഭിച്ചത്. മികച്ച രണ്ടാമത്തെ സംവിധായകനായി ബെന്‍ സുഗുണനെ തിരെഞ്ഞെടുത്തു. നാടകം കുരിശുകള്‍ക്ക് നടുവില്‍ ബീയാട്രീസ്. ഈ നാടകത്തില്‍ അഭിനയിച്ച അനഘ രാജീവനെ മികച്ച രണ്ടാമത്തെ നടിയായും മികച്ച ബാലതാരമായി ശിവാംഗി ബിജുവിനെയും തിരഞ്ഞെടുത്തു.

മറ്റ് അവാര്‍ഡുകള്‍:  മികച്ച രണ്ടാമത്തെ നടന്‍ : ബേബിക്കുട്ടന്‍,നാടകം രാവുണ്ണി. മികച്ച രചയിതാവ് ദീപ ജയരാജന്‍ & ആശ മേനോന്‍..നാടകം മാതംഗി, മികച്ച പശ്ചാത്തല സംഗീതം : ദെവു ഹരീന്ദ്രനാഥ്, നാടകം അവസാനത്തെ ബന്ധു. അവതരണം, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് രാവുണ്ണി എന്ന നാടകത്തിനു ലഭിച്ചു. മികച്ച നടന്‍, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്  സുനില്‍ പയ്യന്നൂര്‍, നാടകം എലികള്‍.

എല്ലാ നാടകങ്ങളുടെയും കുറ്റങ്ങളും കുറവുകളും അതോടൊപ്പം മേന്മകളും യഥാവിധി ചൂണ്ടിക്കാട്ടിയാണ് വിധികര്‍ത്താക്കള്‍ ഫലപ്രഖ്യാപനം നടത്തിയത്. എല്ലാ നാടകങ്ങളിലും ഏതെങ്കിലും വിഭാഗത്തില്‍ ഒരു അവാര്‍ഡെങ്കിലും നല്‍കി എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. മികച്ച നടന്മാരേയും മികച്ച സംവിധായകരേയും എഴുത്തുകാരേയുമാണ് നാടകങ്ങളിലൂടെ കാണാന്‍ കഴിഞ്ഞതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.