മനാമ: പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കം ദേവ്ജി ബി കെ എസ്  ബാലകലോത്സവം 2022 ജനുവരി ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന് ബഹറൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. കോറോണയുടെ സാഹചര്യത്തില്‍ രണ്ട് തവണ മാറ്റി വെച്ച ബാലകലോത്സം നിറയെ പുതുമകളോടെയും പ്രത്യേകതകളോടെയും ആവും ഈ പ്രാവശ്യം സംഘടപ്പിക്കുക. സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാള്‍, രവി പിള്ള ഹാള്‍, യൂസഫ് അലി ഹാള്‍, ബേസ്മെന്റ് ഹാള്‍, ബാബുരാജന്‍ ഹാള്‍, രാമചന്ദ്രന്‍ ഹാള്‍ എന്നിവ കൂടാതെ പുതുതായി പണി കഴിപ്പിച്ച മള്‍ട്ടിപര്‍പ്പസ് ഹാള്‍ ഉള്‍പ്പെടെ ഏഴോളം വേദികളില്‍ ഒരേ സമയം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഉള്ള സൗകര്യം ഒരുക്കി വരുന്നതായി ഭരണസമിതി അറിയിച്ചു. ഇത്തവണ, ബഹറൈനില്‍ താമസിക്കുന്ന താല്‍പ്പര്യമുള്ള മുഴുവന്‍ ഇന്ത്യന്‍ കുട്ടികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം 

ഇരുന്നൂറോളം ഇനങ്ങളില്‍ അഞ്ച് ഗ്രൂപ്പുകളിലുമായി ആയിരത്തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു കണ്‍വീനര്‍ ദിലീഷ് കുമാര്‍ പറഞ്ഞു. കലോത്സവ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഇരുനൂറോളം വളണ്ടിയേഴ്‌സ് ഉള്‍ക്കൊള്ളുന്ന സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ വെബ്‌സൈറ്റു വഴി (www.bksbahrain.com) ഡിസംബര്‍ 15 മുതല്‍ 25 വരെ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വ്യക്തിഗത മത്സരങ്ങളോടൊപ്പം ഗ്രൂപ്പ് ഇനങ്ങളും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 17251878, 39440539, 32320667, 33929920, 33624360