മനാമ: ബഹ്‌റൈന്‍ കലാ സാംസ്‌കാരിക രംഗത്തെ ബഹുമുഖ പ്രതിഭ ദാമു കോറോത്തിന് ബഹ്‌റൈനിലെ കലാ സാംസ്‌കാരിക രംഗത്തെ നിരവധി സംഘടനകള്‍ ഒന്നിച്ച് യാത്രയയപ്പ് നല്‍കുന്നു. 1972 ല്‍ തൊഴില്‍ തേടി ബഹ്‌റൈനില്‍ എത്തിയ ദാമു കോറോത്ത് ഡിസംബര്‍ ഒമ്പതിന് ഈ പവിഴ ദ്വീപിനോട് വിട പറയുമ്പോള്‍ ഒരു പാട് സൗഹൃദങ്ങളും നല്ല ഓര്‍മകളുമാണ് ദാമു കോറോത്ത് എന്ന കലാകാരന്റെ സമ്പാദ്യം. നിരവധി തൊഴിലന്വേഷകര്‍ക്ക് തുണയായും നിരവധി കലാകാരന്‍മാരെ കൈപിടിച്ചുയര്‍ത്തുകയും ചെയ്തു ദാമു കോറോത്ത്.
1981ല്‍ ബഹറിനിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവമായ ദാമു ബഹറിന്‍ കേരളീയ സമാജം, ഇന്ത്യന്‍ ക്ലബ് തുടങ്ങി ബഹ്‌റൈനിലെ മിക്ക അസോസിയേഷനുകളിലും കലാ പരിപാടികള്‍ നടത്തിയിട്ടുണ്ട്. എഴുത്തുകാരനും സംവിധായകനും നടനുമായും തിളങ്ങിയ ദാമു കോറോത്ത് ഒരു മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. അദ്ദേഹത്തിന്റെ കൈകളിലൂടെ മുഖത്ത് ചായമണിയാത്ത കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കലാകാരന്മാരുണ്ടാവില്ല ബഹറിനില്‍.
വിവിധ സംഘടനകള്‍ നടത്തിയ കലാ സാഹിത്യ മത്സരങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ ദാമു കോറോത്തിനെ തേടിയെത്തിയിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഒ.മാധവന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നാല്‍പ്പതോളം നാടകങ്ങള്‍, നൃത്ത ശില്‍പങ്ങള്‍, കവിതകള്‍ തുടങ്ങി ഗള്‍ഫില്‍ നിന്നും ആദ്യമായി സംപ്രേക്ഷണം ചെയ്ത ടെലി സീരിയലിന്റെ തിരക്കഥയും ദാമു കോറോത്ത് നിര്വഹിച്ചു. കൂടാതെ കഫീല്‍, ദി ബ്രിഡ്ജ് എന്ന ടെലി ഫിലിമിലും ദാമു കോറോത്ത് അഭിനയിച്ചിരുന്നു.
നാല്‍പ്പത്തി രണ്ടു വര്‍ഷത്തിന് ശേഷം ബഹറിനില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്ന ദാമു കോറോത്തിന് ഹൃദ്യമായ യാത്രയയപ്പ് നകുന്നതിനായി രാധാകൃഷ്ണന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ ബഹറിനിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു. ഈ സദുദ്യമത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് 36647253 എന്ന നമ്പരില്‍ രാധാകൃഷ്ണന്‍ തെരുവത്തിനെ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Damu Koroth, Bahrain