മനാമ: കോവിഡ് ബാധിച്ചു സ്വന്തം താമസസഥലങ്ങളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് മുന്‍കൂര്‍ അപ്പോയ്ന്റ്‌മെന്റ് ഇല്ലാതെ ചികിത്സാകേന്ദ്രത്തില്‍ എത്താമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പുതുതായി കഴിഞ്ഞ ദിവസം ആരംഭിച്ച ചികിത്സാകേന്ദ്രത്തിലാണ് ഇവര്‍ ചികിത്സ തേടേണ്ടത്. 444 എന്ന നമ്പറില്‍ വിളിച്ചു അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും ചികിത്സ അത്യാവശ്യമെന്നു തോന്നിയാല്‍ നേരിട്ട് അവിടെ എത്തി ചികിത്സ തേടാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ രോഗബാധ കുറഞ്ഞുവരുന്നുണ്ടെങ്കിലും മെയ് 27 നു രാജ്യത്തു ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി നീട്ടിയിട്ടുണ്ട്.  രോഗബാധ ഇനിയും കുറയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്ത്ഥിച്ചു. ജൂണ്‍ 25 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. മെയ് 29 നു 28,798 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ ജൂണ്‍ 8 ആയപ്പോഴേക്കും ഇത് 19,238 ആയി കുറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളോടുള്ള ജനങ്ങളുടെ സഹകരണമാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്. 

സ്വകാര്യ ജിമ്മുകള്‍, വിനോദ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍ സിനിമാശാലകള്‍, റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ എല്ലാ മാളുകളും ജൂണ്‍ 25 വരെ അടഞ്ഞുകിടക്കും. റസ്റ്റോറന്റുകളിലെ എല്ലാ സേവനങ്ങളും ഡെലിവറിയില്‍ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും. സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും അടയ്ക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, ഫിഷ് ഷോപ്പുകള്‍, ബേക്കറി, ഗ്യാസ് സ്റ്റേഷനുകള്‍, സ്വകാര്യ ആശുപത്രി, എ.ടി.എമ്മുകള്‍ ബാങ്കുകളും മണി എക്‌സ്‌ചേഞ്ച് സെന്ററുകളും ഇറക്കുമതി / കയറ്റുമതി ബിസിനസുകള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫാക്ടറികള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍ (ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടാത്തത്) ടെലികമ്മ്യൂണിക്കേഷന്‍, ഫാര്‍മസികള്‍ എന്നിവ തുറന്നിരിക്കും.

സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില കുറയ്ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദൂര പഠനം തുടരും. മെയ് 21 മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, പള്ളികള്‍, ഷോപ്പിംഗ് മാളുകള്‍, തീയേറ്ററുകള്‍, റസ്റ്റോറന്റുകള്‍, മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം രണ്ടു വാക്സിനും പൂര്‍ത്തീകരിച്ചു 14 ദിവസങ്ങള്‍ കഴിഞ്ഞവര്‍ക്കും കോവിഡ് രോഗ മുക്തി നേടിയവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും രോഗവ്യാപനവും മരണവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മെയ് 27 മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു കടന്നത്. പുതിയ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

നിലവില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നു ബഹ്‌റൈനില്‍ റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്, ഇത് തുടരും. സന്ദര്‍ശകവിസയില്‍ പ്രവേശനം അനുവദനീയമല്ല. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ദിവസേനയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ ശേഷി കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചിരുന്നു. വാക്സിനേഷന് എതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്.

ആഗോളതലത്തില്‍ത്തന്നെ ഫലപ്രാപ്തി തെളിയിച്ചിട്ടുള്ളതും ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളതുമായ വാക്സിന്‍ തന്നെയാണ് ബഹ്റൈനിലും നിലവിലുള്ളത്. അതിനാല്‍ വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറായി ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും തുടര്‍ന്നും പാലിക്കണം. 

ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറിയും കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക് ഫോഴ്സ് അംഗവുമായ ഡോ.വലീദ് ഖലീഫ അല്‍ മനിയ, ബിഡിഎഫ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി കണ്‍സള്‍ട്ടന്റും മൈക്രോബയോളജിസ്റ്റും ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗവുമായ ലഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ സാംക്രമികവും ആന്തരികവുമായ രോഗങ്ങളുടെ ഉപദേഷ്ടാവും ദേശീയ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്സ് അംഗവുമായ ഡോ. ജമീല അല്‍ സല്‍മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.