മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ബുധനാഴ്ച ഒരു പ്രവാസി യുവതിയടക്കം നാലു പേര്‍ മരിച്ചു. 20 വയസ്സുള്ള പ്രവാസി യുവതിയും 60 വയസ്സുള്ള മറ്റൊരു പ്രവാസിയും 54 ഉം 69 ഉം വയസ്സുള്ള രണ്ടു സ്വദേശി വനിതകളുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 507 ആയി. രാജ്യത്ത് ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരാള്‍ കോവിഡ് മൂലം മരിക്കുന്നത്.

നിലവില്‍ 7198 പേര്‍ ചികിത്സയിലുണ്ട്. 48 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,29,845 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.