മനാമ: കനാലില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച വടകര അരയാക്കൂര്‍ താഴെയിലെ തട്ടാറത്ത് താഴകുനി സഹീറിന്റെ വിയോഗത്തില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി എപി ഫൈസലിന്റെ പിതൃസഹോദര പുത്രനായ ഇദ്ദേഹം മാഹി കനാലില്‍ ഒഴുക്കില്‍പ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് കയത്തിലകപ്പെട്ട് മുങ്ങിമരിച്ചത്. മാഹി കനാലില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടികളുടെ നിളവിളികേട്ടെത്തിയ സഹീര്‍ മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും കയത്തില്‍ അകപ്പെടുകയായിരുന്നു. വിയോഗം ഏറെ വേദനാജനകമാണെന്നും ദു:ഖകരമാണെന്നും കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. വിയോഗത്തില്‍ കുടുബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മയ്യിത്ത് നിസ്‌കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.