മനാമ: സമസ്ത ബഹ്‌റൈന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന പിണങ്ങോട് അബൂബക്കര്‍ സാഹിബിന്റെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഏരിയ ഭാരവാഹികളും വിവിധ പോഷക സംഘടനകളും അനുശോചിച്ചു. ബഹ്‌റൈനില്‍ നേരത്തെ സുന്നികളുടെ കൂട്ടായ്മ രൂപീകൃതമായിരുന്നുവെങ്കിലും പിണങ്ങോട് അബൂബക്കര്‍ നേതൃത്വത്തിലെത്തിയതോടെയാണ് 'സമസ്ത കേരള സുന്നി ജമാഅത്ത്' എന്ന പേരില്‍ 1980 ല്‍ സംഘടന പുന:സംഘടിപ്പിച്ചതും ബഹ്‌റൈനിലുടനീളം സമസ്തയുടെ സന്ദേശം വ്യാപിക്കാന്‍ സാഹചര്യമൊരുങ്ങിയതും. അദ്ദേഹത്തിന്റെ സംഘാടന മികവിന്റെ ഫലമായി വിവിധ ഏരിയകളില്‍ സുന്നി പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഏരിയാ തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കരിക്കപ്പെടുകയും ചെയ്തിരുന്നു.

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ശാ ദുല്‍ മുസ്ലിമീന്‍ ഹയര്‍ സെക്കന്ററി മദ്‌റസയുടെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമസ്ത ബഹ്റൈന്റെ ചരിത്രം വിവരിക്കുന്ന 'തസ്ബീത്ത്' സുവനീര്‍ തയ്യാറാക്കാനാണ് അദ്ദേഹം അവസാനമായി ബഹ്‌റൈനിലെത്തിയത്.

200 ല്‍ പരം പേജുകളുള്ള പ്രസ്തുത സുവനീറിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചാണ് അദ്ദേഹം ബഹ്‌റൈനില്‍ നിന്നും മടങ്ങിയത്. ഇതിനായി ദിവസങ്ങളോളം അദ്ദേഹം ബഹ്റൈനില്‍ താമസിച്ചതും സമസ്തയുടെ വിവിധ സദസ്സുകളില്‍ പങ്കെടുത്ത് പ്രഭാഷണങ്ങള്‍ നടത്തിയതും ഭാരവാഹികള്‍ അനുസ്മരിച്ചു.

സമസ്ത ബഹ്‌റൈന്‍ ആസ്ഥാനങ്ങളിലും തറാവീഹ് നമസ്‌കാര സ്ഥലങ്ങളിലും വീടുകളിലും എല്ലാവരും അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കാരം നടത്തണമെന്നും ഭാരവാഹികള്‍ ആഹ്വാനം ചെയ്തു.