മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മിച്ച ദേവാലയത്തിന്റെ കൂദാശ കര്‍മ്മവും 63-ാമത് പെരുന്നാളും ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി നിര്‍വഹിച്ചു. സല്‍മാനിയയുടെ ഹൃദയഭാഗത്ത് 1969 ല്‍ അന്നത്തെ ബഹ്‌റൈന്‍ അമീര്‍ ഷെയ്ഖ് ഈസാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും 2000 ല്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയും ദാനമായി നല്‍കിയ സ്ഥലത്തോടൊപ്പം 2011 ല്‍ ഈ സ്ഥലത്തോട് ചേര്‍ന്നുള്ള സ്ഥലം വാങ്ങിയുമാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.

വിശുദ്ധ ദേവാലയ കൂദാശക്കും പെരുന്നാള്‍ ശുശ്രൂഷകള്‍ക്കും ശേഷം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ഫാ.ബിജു ഫിലിപ്പോസ് വികാരി സന്ദേശം നല്‍കി. സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും, ട്രസ്റ്റി സി.കെ തോമസ്, സിബിഇഇസി അഡൈ്വസറി ബോര്‍ഡ് മെംബര്‍ സോമന്‍ ബേബി, സിബിഇഇസി വൈസ് പ്രസിഡന്റ് അഡ്വ.വി കെ തോമസ്, സിബിഇഇസി ജനറല്‍ കണ്‍വീനര്‍ എബ്രഹാം സാമുവല്‍, സഭാ മാനേജിങ് കമ്മിറ്റി അംഗം അലക്‌സ് ബേബി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. സിബിഇഇസി സെക്രട്ടറി ബെന്നി വര്‍ക്കി നന്ദി അറിയിച്ചു. 

ഇടവകയുടെ ചരിത്രസംഭവങ്ങള്‍ ഉള്‍പ്പെടുത്തി ഡോകുമെന്ററി അവതരിപ്പിക്കുകയും ഇടവകയുടെ വാര്‍ത്താപത്രികയായ മരിയന്‍ പ്രത്യേക പതിപ്പ് പ്രകാശനവും, കൂദാശയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീയറിന്റെ നാമ പ്രഖ്യാപനവും, ഇടവകയുടെ ചരിത്ര നാഴികകല്ലുകള്‍ ഉള്‍പ്പെടുത്തിയുള്ള ബുക്ക് മാര്‍ക്ക് പ്രകാശനവും നടത്തപ്പെട്ടു.