മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ സംഘടനയായ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഓഫ് ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ 'വികസനത്തിലേയ്ക്കുള്ള പാതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് ഡിസംബര്‍ 3 ന് തുടക്കം കുറിക്കും. വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സഈദ് റാഷിദ് അല്‍ സയാനിയുടെ രക്ഷാധികാരത്തില്‍ മനാമ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സ് ശനിയാഴ്ച വൈകീട്ട് സമാപിക്കും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തില്‍ മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ടുകള്‍, സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍, രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ബിസിഐസിഇ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു 

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവും ലീഡര്‍ഷിപ്പ് കോച്ചുമായ ആഷിഷ് ആണ് സമ്മേളനത്തിലെ ആദ്യപ്രഭാഷകന്‍. 'നിങ്ങള്‍ക്കുള്ളിലെ വ്യത്യസ്തതയെ ജ്വലിപ്പിക്കൂ' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. പതിനൊന്ന് വ്യത്യസ്ത ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചതിന്റെ അടിസ്ഥാനത്തില്‍ നേടിയ അനുഭവസമ്പത്തും തന്റെ പ്രസംഗത്തില്‍ അദ്ദേഹം പങ്കിടുമെന്ന് ബിസിഐസിഇ ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്ന് പ്രമുഖ പ്രഭാഷകനും. ഡെലോയിറ്റ ഇന്ത്യയുടെ ചെയര്‍മാനും, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ പി ആര്‍ രമേഷ്, ഓഡിറ്റ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്ങ് എന്നീ വിഷയത്തില്‍ സംസാരിക്കും. ഇതിന് ശേഷം ഇന്ത്യയിലെ മികച്ച പത്ത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടയാളും, ടിഐഡബ്ല്യു പ്രൈവറ്റ് ഇക്വിറ്റി മാനേജിങ്ങ് പാര്‍ട്ടണറുമായ മോഹിത് റല്‍ഹാന്‍ നേതൃത്വപാടവത്തെപറ്റി പ്രഭാഷണം നടത്തും. മികച്ച വാഗ്മി സുരേഷ് രോഹിര, വിപ്രോ ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജതിന്‍ ദലാല്‍, പ്രശസ്ത പ്രഭാഷകന്‍ സാലേഹ് ഹുസൈന്‍ എന്നിവരും വെള്ളിയാഴ്ച നടക്കുന്ന വ്യത്യസ്ത സെഷനുകളില്‍ പ്രഭാഷണങ്ങള്‍ നടത്തും. 

ശനിയാഴ്ച തുടരുന്ന സമ്മേളനത്തില്‍ ടിപി ഓസ്വാള്‍, എന്‍ജിനീയര്‍ ഹുസൈന്‍ അല്‍ ഷെഡോക്കി, ശിവകുമാര്‍ പളനിയപ്പന്‍ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, സമാപനസമ്മേളനത്തിലെ മുഖ്യആകര്‍ഷണമായിരിക്കും. ഇത് കൂടാതെ ഒഡീഷയില്‍ നിന്നുള്ള പാര്‍ലിമെന്റംഗവും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ടിഐഡബ്ല്യു കാപ്പിറ്റല്‍ ഗ്രൂപ്പാണ് സമ്മേളനത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. ഇകെ കാനൂ, കെപിഎംജി, ഗ്രാന്റ് തോര്‍ട്ടണ്‍ എന്നിവര്‍ പ്ലാറ്റിനം സ്‌പോണ്‍സര്‍മാരും, ഒറാക്കള്‍ ഗോള്‍ഡ് സ്‌പോണ്‍സറുമാണ്. ഇവന്റ് സ്‌പോണ്‍സര്‍മാരായി അമെക്‌സ്, അഹ്‌ലി യുണൈറ്റഡ് ബാങ്ക്, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, പ്രോടിവിടി, കി പോയിന്റ്, ടാലി, ട്രാഫ്‌കോ, ദിയാര്‍ അല്‍ മുഹറഖ് എന്നിവരാണ് സഹകരിക്കുന്നത്. ഫക്രു ഇന്‍ഷൂറന്‍സ്, സോളിഡാരിറ്റി, ബിഎന്‍എച്ച്, വികെഎല്‍ ഹോള്‍ഡിങ്ങ്, മൂര്‍ സ്റ്റീഫന്‍സ്, ബെല്‍വെതര്‍, സിനികോ, നാസ് കോര്‍പ്പറേഷന്‍ എന്നിവരാണ് സപ്പോര്‍ട്ടിങ്ങ് സ്‌പോണ്‍സര്‍മാര്‍.