മനാമ: ശിശുദിനാഘോഷം, കേരളപ്പിറവി, എന്നിവയോടനുബന്ധിച്ച് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ കുട്ടികളുടെ വിഭാഗമായ മലര്‍വാടി മുഹറഖ് ഏരിയ 'ചങ്ങാതിക്കൂട്ടം' എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ഹിദ്ദ്, മുഹറഖ്, ഹാല, കാസിനോ യൂണിറ്റുകളിലെ കുട്ടികള്‍ പാട്ട്, നൃത്തം, പ്രസംഗം, ശാസ്ത്ര കൗതുകം, ആംഗ്യപ്പാട്ട് തുടങ്ങി വ്യത്യസ്തങ്ങളായ കലാവിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചു.
കോവിഡ് കാലത്ത് വീടുകളില്‍ തളച്ചിടപ്പെട്ട ബാല്യങ്ങള്‍ക്ക് മാനസികോല്ലാസം ലഭിക്കുന്നതിന് മലര്‍വാടി ബാലസംഘം വിവിധങ്ങളായ പരിപാടികളാണ് നടത്തി വരുന്നത് എന്നും കുട്ടികളുടെ പങ്കാളിത്തം ഏറെ സന്തോഷം നല്കുന്നുവെന്നും ചങ്ങാതിക്കൂട്ടം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മലര്‍വാടി ഏരിയാ കോര്‍ഡിനേറ്റര്‍ സാജിദ് അലി ചേന്ദമംഗല്ലൂര്‍ പറഞ്ഞു. മലര്‍വാടി ടീം ലീഡര്‍ ഷഹ്സിന സൈനബ് പരിപാടികള്‍ നിയന്ത്രിച്ചു. മലര്‍വാടി മെന്റര്‍ മുഫസിറ പരിപാടി വിലയിരുത്തിക്കൊണ്ട് സമാപനം നിര്‍വഹിച്ചു.