മനാമ: ബഹ്റൈനിലെ സാമൂഹികപ്രവര്‍ത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ (ബികെഎസ്എഫ്.) ആഭിമുഖ്യത്തില്‍ വിവിധ ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം നടത്തി.
അര്‍ഹതപ്പെട്ട തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ വിതരണം നടത്താന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് മുഖേന സമര്‍പ്പിച്ച ഫീനാ ഖേയ്ര്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള അത്യാവശ്യ ഭക്ഷണ കിറ്റുകള്‍ കമ്മ്യൂണിറ്റി ഹെല്‍പ്പ് ഡെസ്‌ക് ടീം ഭാരവാഹികളുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.
കോവിഡ് മഹാമാരിയില്‍ കര്‍മ്മ സേവനങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികള്‍ക്ക് വാരാന്ത്യദിനങ്ങളിലും അത്യാവശ്യഘട്ടത്തിലും കര്‍മ്മ സേവനം തുടരുമെന്ന് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വേനല്‍ക്കാലത്തു തൊഴിലാളികള്‍ക്കിടയില്‍ ഹെല്‍പ്പ് ആന്‍ഡ് ഡ്രിങ്ക് എന്ന കര്‍മ്മ പദ്ധതിയും നടത്തുന്നുണ്ട്. കനത്ത ചൂടില്‍ തൊഴിലെടുക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ കുടിവെള്ളവും പഴവര്‍ഗങ്ങളും അടക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് എല്ലാ വര്‍ഷവും വിതരണം ചെയ്യുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ് വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.