മനാമ: 'ഓണം എല്ലാവരുടെയുമാണ്, ഓണം എല്ലാവര്‍ക്കുമാണ്''എന്ന ആശയത്തോടെ, ബഹ്റൈന്‍ കേരളീയ സമാജം മുന്നോട്ടുവച്ച 'ഓണം ഫോര്‍ ഓള്‍' ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച്ച വിവിധ ലേബര്‍ ക്യാമ്പുകളിലെ രണ്ടായിരത്തിലേറെ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ചടങ്ങില്‍  തൊഴില്‍ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍-ഹൈകി, ഇന്ത്യന്‍ സ്ഥാനപതി പിയുഷ് ശ്രീവാസ്തവ എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

'കോവിഡ് പ്രതിസന്ധികളില്‍ തളര്‍ന്ന്, ജീവിതത്തില്‍ ഇരുള്‍ പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികള്‍ നമ്മുടെ ചുറ്റുപാടും ഉണ്ട്. ഇവര്‍ക്കൊക്കെ പുതു പ്രതീക്ഷകള്‍ നല്‍കാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോര്‍ ഓള്‍. താരതമ്യേന കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും മറ്റു അര്‍ഹതപ്പെട്ട പ്രവാസികള്‍ക്കും ഓണസദ്യ എത്തിച്ചു നല്‍കുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവര്‍ക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.' - സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. 'ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട് എന്ന് സമാജം ഭരണ സമിതി പറഞ്ഞു.