മനാമ: ഗള്‍ഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവര്‍ത്തകന് ഐ.വൈ.സി.സി ബഹ്റൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവാസിമിത്ര പുരസ്‌കാരത്തിന് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി അര്‍ഹനായി. സിപിഐ(എം) കൊലചെയ്ത മട്ടന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പ്രവാസി മിത്ര അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം അഷ്റഫ് താമരശ്ശേരിയും ഷിഹാബ് കൊട്ടുകാടുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

1985ല്‍ ബഹ്റൈനിലെത്തിയ ബഷീര്‍ അമ്പലായി, സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സജീവമായി നില്‍ക്കുന്ന വ്യക്തിത്വമാണ്. 36 വര്‍ഷത്തോളമായി അദ്ദേഹം പവിഴദ്വീപില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കൊപ്പം താങ്ങായി നില്‍ക്കുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ ബഷീര്‍ ഐ.ഒ.സി ബഹ്‌റിന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയാണ്. പ്രവാസികളുടെ വിവിധ കൂട്ടായ്മകളും, സാമൂഹിക സാംസ്‌കാരിക സംഘടനകളും ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്‍കുകയും നേതൃസ്ഥാനം അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. വെളിയങ്കോട് സ്വദേശിയായ ബഷീറിന്റെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ തുടക്കവും വെളിയങ്കോട് കേന്ദ്രീകരിച്ചുള്ള പ്രവാസ സംഘടനയിലൂടെയാണ്.  കുടുംബമായി ബഹറിനില്‍ താമസിക്കുന്ന ബഷീറിന്റെ ഭാര്യ: നസീറ, മക്കള്‍: നാദിര്‍, നിബില്‍ 

ബഹ്റൈനിലെ പ്രവാസികളുടെ ഇടയില്‍ മൂന്നര പതിറ്റാണ്ട് ബഷീര്‍ അമ്പലായി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് പരിഗണിച്ചത് എന്ന് ഐ.വൈ.സി.സി ഭാരവാഹികളായ അനസ് റഹീം, എബിയോണ്‍ അഗസ്റ്റിന്‍, നിതീഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.വെള്ളിയാഴ്ച്ച വൈകിട്ട് നാലര മണിക്ക് ഐമാക് മീഡിയ സിറ്റിയില്‍ വെച്ച് നടക്കുന്ന 'യൂത്ത്‌ഫെസ്റ്റ് 2021'ന്റെ വേദിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.