മനാമ: നിരവധി നാടകങ്ങളിലും, മലയാള സിനിമയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹ്‌റൈനിലെ താര ദമ്പതികളായ ജയമേനോനും പ്രകാശ് വടകരയും നേതൃത്വം നല്‍കുന്ന യവനിക എന്ന നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ അത്തം മുതല്‍ തിരുവോണം വരെ ഓണ്‍ ലൈനില്‍ പൊലിമ ഒട്ടും കുറയാതെ ഓണാഘോഷം സംഘടിപ്പിച്ചു.

ഉദ്ഘാടന ദിവസമായ അത്തം നാളില്‍ ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന ആപ്ത വാക്യത്തെ അനുസ്മരിപ്പിക്കുമാറ് കോവിഡ് എന്ന മഹാമാരിയെ നേരിടുന്ന ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്തകരായ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ആദരം അര്‍പ്പിച്ചു കൊണ്ട് യവനിക കൂട്ടായ്മയിലെ മുതിര്‍ന്നവരായ പൂയത്ത് ജയപ്രകാശും രാജു നായരും ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

മലയാള നാടക വേദിയിലെ കുലപതിയായ ഇബ്രാഹിം വെങ്ങര യവനികയുടെ ഓണാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഓരോ ദിവസത്തെ പരിപാടികളും നിയന്ത്രിച്ചത് ജയമേനോനും പ്രകാശ് വടകരയുമായിരുന്നു. ഒരു ഓഡിറ്റോറിയത്തില്‍ ഇരുന്ന് കലാപരിപാടികള്‍ ആസ്വദിക്കുന്ന പ്രതീതിയാണ് ഓരോ ദിവസത്തെ പ്രോഗ്രാം കാണുമ്പോഴും കാണികള്‍ക്ക് അനുഭവപ്പെട്ടത്. പത്ത് ദിവസം നീണ്ടു നിന്ന വിവിധയിനം കലാപരിപാടികളില്‍ ഓണപ്പാട്ടുകള്‍, തിരുവാതിര, നൃത്തനൃത്യങ്ങള്‍ തുടങ്ങി മിമിക്രി, മോണോലോഗ്, റേഡിയോ നാടകം, ഷോര്‍ട്ട് ഫിലിം തുടങ്ങി ഓര്‍മ്മയില്‍ എന്നും നില്‍ക്കുന്ന വര്‍ണാഭമായ കലാപരിപാടികളാണ് അരങ്ങേറിയത് .

സലാം, ജയകുമാര്‍ വര്‍മ്മ, സാം തിരുവല്ല, വിജിത ശ്രീജിത്ത്, ശ്രീജിത്ത് ഫറോക്ക്, രമ്യാ പ്രമോദ്, ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി, ചാര്‍ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജയമോഹന്‍, ശിവകുമാര്‍ കൊല്ലറോത്ത്, ദിനേശ് കുറ്റിയില്‍, രാധാകൃഷ്ണന്‍ തെരുവത്ത്, പുഷ്പ മേനോന്‍, രാജു നായര്‍, നന്ദകുമാര്‍, മജീദ് കൊച്ചിന്‍, സഫിയ മജീദ്, സേതു, ജയാ മേനോന്‍, പ്രകാശ് വടകര, വിക്രം കെ നായര്‍, ജിക്കു ചാക്കോ, ഇന്ദു നന്ദകുമാര്‍, ഗോപന്‍ പഴുവില്‍, കലാ സേതു, ലതാ ജയപ്രകാശ്, ജയന്‍ ജേക്കബ്, ബിജി ശിവ, ശ്രീജിത്ത് പറശ്ശിനി,  സുവിത രാകേഷ്, രാകേഷ് എന്നിവര്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു .    

ഓണപരിപാടികളില്‍ വേറിട്ട അനുഭവമായിരുന്നു ജയമേനോന്‍ എഴുതി അവതരിപ്പിച്ച ദി ഷാഡോസ് (നിഴലുകളെ പേടിക്കണം) എന്ന ചെറുകഥ. ജീവിതത്തിലെ ആസുരമായ വര്‍ത്തമാന കാലത്തില്‍ നമ്മെ പിന്തുടരുന്ന മഹാമാരികളുടെ നിഴലുകളും നമ്മെ നിരന്തരം അലട്ടുന്ന ജീവിത ചിന്തകളും അവയുടെ നിഴലുകളും ഒരു രേഖാ ചിത്രം പോലെ വരച്ചു കാട്ടിയ സ്വന്തം നിഴലുകളുടെ അവസ്ഥയെ മനോഹരമായി ജയമേനോന്‍ അവതരിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന യവനികയിലെ അംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ഒത്തുകൂടി പത്തു ദിവസത്തെ ഓണാഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ അതൊരു വ്യത്യസ്ത അനുഭവമായി.

Content Highlight: Bahrain yavanika Onam celebration