മനാമ: കോവിഡ് പ്രതിസന്ധി മൂലം ജീവിത പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവങ്ങള്‍ വെല്‍കെയറിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കി. 

കോവിഡ് പ്രതിസന്ധി രൂപപ്പെട്ടത് മുതല്‍ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ജന സേവന വിഭാഗമായ വെല്‍കെയര്‍ നടത്തിവരുന്ന 'അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം' എന്ന പദ്ധതിയുടെ ഭാഗമായി മലബാര്‍ ഗോള്‍ഡുമായി സഹകരിച്ചു കൊണ്ടാണ് വെല്‍കെയര്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ വിഭവ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്. 

മലബാര്‍ ഗോള്‍ഡ് ബഹറൈന്‍ കണ്‍ട്രി കോഡിനേറ്റര്‍ ഇസ്ഹാഖ്, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദ്‌റുദ്ദീന്‍, പൂവാര്‍ വെല്‍കെയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മൂസ കെ ഹസ്സന്‍, അബ്ദുല്‍ ഹഖ്, മഹ്മൂദ് മായന്‍, ഹാഷിം തുടങ്ങിയവര്‍ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കി.