ബഹ്റൈന്‍: ബഹ്റൈനില്‍ ട്രാഫിക് വാരാചരണത്തിന് തുടക്കമായി. ഇന്നുമുതല്‍ മാര്‍ച്ച് 11 വരെയാണ് ഈ വര്‍ഷത്തെ ട്രാഫിക് വാരാചരണം സംഘടിപ്പിക്കുന്നത്. ട്രാഫിക് വാരാചരണത്തിലൂടെ  പൊതുജനങ്ങളില്‍ ട്രാഫിക് അവബോധം ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

ആഗോള ആരോഗ്യ വെല്ലുവിളികള്‍ക്കിടയിലാണ് ഈ വര്‍ഷം ട്രാഫിക് വീക്ക് 2021 വരുന്നതെന്നും വാരാചരണം മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കുമെന്നും ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍  ഷെയ്ഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് അല്‍ ഖലീഫ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം ട്രാഫിക് മേഖലയില്‍ ശക്തമായ ബോധവത്കരണം നടത്തുകയും അതിന്റെ ഫലമായി റോഡപകടങ്ങള്‍ കുറയുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചതും ചില ലംഘനങ്ങള്‍ക്ക് തടവുശിക്ഷ ഏര്‍പ്പെടുത്തിയതും സുരക്ഷിത റോഡ് യാത്ര സാധ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ട്രാഫിക് വാരാചരണത്തിലൂടെ പൊതുജനങ്ങളില്‍ ട്രാഫിക് അവബോധം ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ വര്‍ധിപ്പിക്കാനും സാധിച്ചു. ട്രാഫിക് സേവനങ്ങള്‍ അധികവും ഓണ്‍ലൈനാക്കാനും അതുവഴി യാത്രയും സമയവും ലാഭിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇ-സേവനങ്ങളുടെ ആവശ്യം 43% വര്‍ദ്ധിക്കുകയും  2020 ല്‍ 2 ദശലക്ഷം അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇ-സേവനങ്ങള്‍, ട്രാഫിക് അവബോധം, പൊതുജനങ്ങളുമായുള്ള പങ്കാളിത്തം എന്നിവയില്‍ ഡയറക്ടറേറ്റ് നേട്ടം കൈവരിച്ചു.